ആറ്റുകാൽ പൊങ്കാലയ്ക്ക് പതിവുപോലെ ഭക്തിയോടെ പതിനായിരങ്ങൾ; മിക്കവരും എത്തിയത് മാസ്‌ക് ധരിച്ച്

തിരുവനന്തപുരം: ഭക്തരുടെ അഷ്ടവരദായനിയായ ദേവി ആറ്റുകാൽ അമ്മയുടെ പൊങ്കാലയ്ക്ക് അടുപ്പുകൂട്ടാൻ പതിവുപോലെ നഗരത്തിലേക്ക് ഒഴുകി എത്തിയത് പതിനായിരക്കണക്കിന് സ്ത്രീകളാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ പക്ഷെ, മാസ്‌ക് ധരിച്ചാണ് സ്ത്രീകളെത്തിയത് എന്നത് കൗതുക കാഴ്ചയായി. പൊങ്കാല ചടങ്ങ് മാത്രമായി നടത്തണമെന്നും ഇത്രയേറെ വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നുമുള്ള നിർദേശങ്ങളെല്ലാം തള്ളിയാണ് ഭക്തർ കൂട്ടത്തോടെ പൊങ്കാലയ്ക്ക് എത്തിയിരിക്കുന്നത്.

എന്നാൽ, ആറ്റുകാൽ ക്ഷേത്രത്തിന് പത്തുകിലോമീറ്റർ ചുറ്റളവിൽ അടുപ്പ് കല്ല് നിരത്തി ചിലർ ഇതിനെ വെല്ലുവിളിക്കുന്നത് ആരോഗ്യവകുപ്പിനും സർക്കാർ സംവിധാനങ്ങൾക്കുമാണ് തലവേദനയുണ്ടാക്കിയിരിക്കുന്നത്. അതീവ ജാഗ്രതയോടെയാണ് പൊങ്കാല ചടങ്ങുകൾ. 3000ത്തോളം പോലീസുകാരെ വിന്യസിച്ചാണ് സുരക്ഷ ഉറപ്പുവരുത്തുന്നത്. ഇതോടൊപ്പം മെഡിക്കൽ സംഘങ്ങളും നിരീക്ഷണത്തിനായി ഉണ്ടാകും.

10.20ന് നടന്ന അടുപ്പ് വെട്ടോടെ ചടങ്ങുകൾ തുടങ്ങി. ക്ഷേത്ര ശ്രീകോവിലിലെ നിലവിളക്കിൽ നിന്നുള്ള അഗ്‌നി നാളം ക്ഷേത്ര മുറ്റത്ത് തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. 2.10നാണ് നിവേദ്യം. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയാണ്. കോവിഡ് 19 ഭീഷണി നിലനിൽക്കുന്നതിനാൽ കോട്ടയം പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version