കൊറോണ വൈറസ്; പത്തനംതിട്ട അതീവജാഗ്രതയില്‍; പൊതുപരിപാടികള്‍ റദ്ദാക്കി; മതപരമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാകളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ല അതീവജാഗ്രതയില്‍. വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായും മതപരമായ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ പിബി നൂഹ് അറിയിച്ചു.

ഇറ്റലില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെനീസില്‍ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തില്‍ സഞ്ചരിച്ച് മാര്‍ച്ച് ഒന്നിനാണ് പ്രവാസി കുടുംബം കോട്ടയത്ത് എത്തിയത്. കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായി ആരോഗ്യവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനാല്‍ വൈറസ് ബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നാട്ടിലെത്തിയ രോഗബാധിതര്‍ പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളില്‍ പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട എസ്പിയുടെ ഓഫീസിലും ഇവരെത്തിയിരുന്നു. ഇവര്‍ എത്തിയ സ്ഥലങ്ങളില്‍ നിന്നും ഇടപഴകിയ ആളുകളില്‍ നിന്നും ആരോഗ്യവകുപ്പ് വിവരം ശേഖരിക്കുന്നുണ്ട്.

Exit mobile version