രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് വി മുരളീധരന്; എംപിമാർക്ക് സസ്‌പെൻഷൻ തുടർന്നാൽ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്തിക്കില്ല; മുന്നറിയിപ്പുമായി കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭയിലെ കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ നൽകിയ സംഭവത്തിൽ കടുത്തപ്രതിഷേധം രേഖപ്പെടുത്തി കെ മുരളീധരൻ എംപി. സസ്‌പെൻഷൻ തുടർന്നാൽ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. കോഴിക്കോട് വിളച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മുരളീധരന്റെ ഭീഷണി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ചാനൽ വിലക്കിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെയും മുരളീധരൻ ആഞ്ഞടിച്ചു. ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് വി മുരളീധരൻ കാണിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ കേന്ദ്രം തയ്യാറായത് ജനരോഷം ഭയന്നാണെന്നും കെ മുരളീധരൻ പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ മന്ത്രി പറയുന്നതല്ല കേരളത്തിൽ നിന്നുള്ള വി മുരളീധരൻ പറയുന്നത്. എന്തും പറയാമെന്ന് വി മുരളീധരൻ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Exit mobile version