ഒടുവിൽ എല്ലാ ക്രൂരതകളോടും പോരാടി ജാസ്മിൻ ഇന്നത്തെ ജാസ് ആയി!

തൃശ്ശൂർ: വിവാഹത്തിന് ശേഷം ഭർത്താവ് ബലാത്സംഗം ചെയ്യുന്നത് കുറ്റകരമല്ലെന്ന് വിധിക്കുന്ന നാട്ടിൽ ഇത്തരത്തിലുള്ള എല്ലാ ക്രൂരതകളോടും പോരാടി സ്വന്തമായി പുഞ്ചിരിക്കാൻ പഠിച്ച സ്ത്രീകൾ ഒരു പ്രചോദനമാണ്. ലോക വനിതാ ദിനത്തിൽ ഓർക്കേണ്ടതും സ്വന്തം പ്രയത്‌നം കൊണ്ട് ഉയർന്നുവന്ന ഈ താരകങ്ങളെയാണ്. സ്വന്തം വീട്ടുകാർ പോലും ബാധ്യതയായി കണ്ട് പതിനേഴാം വയസിൽ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഒരു മനുഷ്യായുസിൽ ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത ക്രൂരതകൾക്ക് ഇരയാവുകയും ചെയ്തിട്ടും തളരാതെ സ്വന്തമായി ഒരു മേൽവിലാസമുണ്ടാക്കിയ പെണ്ണിന്റെ കഥയാണ് ജാസ്മിൻ എം മൂസ എന്ന 24കാരിക്ക് പറയാനുള്ളത്. ഈ പ്രായത്തിനിടയ്ക്ക് ജാസ്മിൻ എന്ന ജാസിന് രണ്ട് വിവാഹമോചനവും മരണം പോലും മുന്നിൽ കണ്ട അബോർഷനും ഇരയാകേണ്ടി വന്നു.

ജന്മം നൽകിയ മാതാപിതാക്കളും സ്വന്തം കൂടപ്പിറപ്പുകളും ക്രൂരത കാണിച്ചതോടെ ഒറ്റയ്ക്ക് ജീവിച്ച് കാണിക്കാൻ തന്നെ ജാസ്മിൻ തീരുമാനിക്കുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ആ പതിനേഴുകാരിയിൽ നിന്നും ഇന്നത്തെ ജാസിലേക്ക് ജാസ്മിനെ എത്തിച്ചത് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളാണ്. കോഴിക്കോട്ടെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച നാട്ടിൻപുറത്തെ പ്ലസ്ടു മാത്രം വിദ്യാഭ്യാസമുള്ള പെൺകുട്ടിയായിരുന്നു ജാസ്മിൻ.


പ്ലസ്ടു പരീക്ഷ കഴിഞ്ഞയുടനെ 17ാം വയസിൽ ആയിരുന്നു ജാസ്മിന്റെ വിവാഹം. വരനെ കാണുന്നത് ആദ്യരാത്രിയിലും. വിവാഹത്തിന്റെയന്ന് മുറിയിലേക്ക് കയറി ചെന്ന ജാസ്മിനെ അയാൾ വല്ലാത്ത രീതിയിൽ കേറിപ്പിടിച്ചു. ഭയന്ന് വിറച്ച് ഓടി അമ്മായി അമ്മയുടെ മുറിയിൽ ജാസ്മിൻ അഭയം തേടി. പിന്നീടാണ് മനസിലായത് ചെക്കന് ഓട്ടിസമാണെന്ന്. ഇതോടെ ബാപ്പ രാവിലെ തന്നെ വന്ന് ജാസ്മിനെ വീട്ടിലേക്കു കൂട്ടി. എന്നാൽ, എങ്ങനെയെങ്കിലും ആ വിവാഹവുമായി തന്നെ ഒത്തുപോണമെന്ന മട്ടിലായിരുന്നു നാട്ടുകാർ. ഒരു കൊല്ലം കഴിഞ്ഞതോടെ ജാസ്മിൻ വിവാഹമോചനത്തിനായി ധൈര്യം സംഭരിച്ച് ആവശ്യമുന്നയിച്ചു. ഇതോടെ അവളൊരു രണ്ടാംകെട്ടുകാരിയായി.

നാട്ടുകാരുടെ കുത്തുവാക്കുകൾ കൂടി കൂടി വന്നതോടെ അടുത്ത കല്യാണത്തിനായി വീട്ടുകാർക്ക് തിടുക്കം. പെണ്ണുകാണാൻ വന്നയാളോട് എല്ലാം തുറന്നു പറഞ്ഞതിന്റെ കൂട്ടത്തിൽ ഇനിയെങ്കിലും നന്നായി ജീവിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞതോടെ, അതിനെന്താ, കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ, നമുക്കു ജീവിക്കാം എന്നു മാത്രമായിരുന്നു സ്‌നേഹത്തോടെയുള്ള മറുപടി. എന്നാൽ ഇതെല്ലാം പാഴ്‌വാക്കാണെന്ന് മനസിലായത് വീണ്ടുമെത്തിയ ആദ്യ രാത്രിയിൽ ആയിരുന്നു. മുറിയിലേക്കു കയറിവന്ന അയാൾ ജാസ്മിനെ സ്വീകരിച്ചത് കരണത്ത് ഒറ്റയടി കൊടുത്തുകൊണ്ടായിരുന്നു. രണ്ടാം ചരക്കല്ലേ എന്നു പറഞ്ഞു കയ്യും കാലും കെട്ടിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തു. ദിവസവും ഇതു തന്നെ. അടികൊണ്ട് കയ്യെല്ലാം കല്ലിച്ചു നീലിച്ചതു മറയ്ക്കാൻ നീളൻകുപ്പായവുമിട്ടു എല്ലാം ഉള്ളിലൊതുക്കി അവൾ കഴിഞ്ഞു. ഭയം കൊണ്ട് ഒന്നും ആരോടും പറഞ്ഞില്ല. അയാള് കൊക്കെയ്ൻ ഉപയോഗിക്കുമെന്നെല്ലാം ജാസ്മിൻ പിന്നീടാണറിഞ്ഞത്. ഇതിനിടെയിൽ അവൾ ഗർഭിണിയായി. പ്രതീക്ഷയുടെ നാമ്പ് വിടർന്നെങ്കിലും ജാസ്മിൻ സന്തോഷത്തോടെ ഭർത്താവിനെ ഇതറിയിച്ചതോടെ അടിവയറ്റിൽ ആഞ്ഞുതൊഴിക്കുകയാണ് അയാൾ ചെയ്തത്.

എല്ല് നുറുങ്ങും വേദനയിൽ കരഞ്ഞുവീണുപോയ ജാസ്മിനെ ഉമ്മ വന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. നിലയ്ക്കാത്ത ബ്ലീഡിങോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്, ആ തൊഴിയിൽ ഗർഭപാത്രത്തിലേക്കുള്ള ട്യൂബ് മുറിഞ്ഞുപോയെന്നും ഉടൻ സർജറി നടത്തിയില്ലെങ്കിൽ മരിച്ചുപോകുമെന്നും അറിഞ്ഞത്. എന്നാൽ അയാൾ സർജറിക്കും സമ്മതിച്ചില്ല. പിന്നെ വീട്ടുകാർ നിർബന്ധിച്ചു നടത്തി. അതോടെ അവളെ വേണ്ടെന്നായിരുന്നു അയാളുടെ നിലപാട്. സർട്ടിഫിക്കറ്റൊക്കെ എടുക്കാൻ വീണ്ടും അയാളുടെ വീട്ടിൽ ചെന്നപ്പോൾ മുറിയിൽ കയറിയ ഉടൻ പിന്നെയും ആഞ്ഞുതൊഴിച്ചു. സ്റ്റിച്ചെല്ലാം പൊട്ടി മെഡിക്കൽ കോളേജിൽ മരണം പോലും മുന്നിൽ കണ്ട് കുറേനാൾ കിടന്നെന്ന് ജാസ്മിൻ പറയുന്നു.

കുഞ്ഞിനെ കൂടി നഷ്ടപ്പെട്ടതോടെ മരിക്കണമെന്ന ചിന്ത മാത്രമായി ജാസ്മിന്. എന്നാൽ അയാളെ സുഖിച്ച് ജീവിക്കാൻ വിട്ടുകൊടുക്കരുതെന്ന ചിന്തയിൽ കേസ് കൊടുത്തു. ഒരുപാട് നാൾ പോരാടി അയാളെ ജയിലിലാക്കി. പിന്നെ ജീവിക്കണമെന്ന ചിന്ത ഏറി വന്നതേടെ കേസും കോടതിയുമായി നടന്ന് ജീവിതം കളയുന്നതിൽ അർത്ഥമില്ലെന്ന് ജാസ്മിന് തന്നെ തോന്നി. ഒടുവിൽ ഒത്തുതീർപ്പിൽ വിവാഹമോചനം നേടി. ജീവിക്കണമെന്ന വാശിയിൽ ഓരോന്ന് ചെയ്യാൻ ആരംഭിച്ചതോടെ വാശിമൂത്ത് താൻ രാജ്യം വിടുമോ എന്നോർത്ത് വീട്ടുകാർ പാസ്‌പോർട്ടെല്ലാം കത്തിച്ചു കളഞ്ഞെന്ന് ജാസ്മിൻ പറയുന്നു.

പിന്മാറാൻ തയ്യാറല്ലാതിരുന്ന ജാസ്മിൻ തന്റെ കൂടെ നിൽക്കാത്ത, തന്റെ നന്മയോ സന്തോഷമോ ആഗ്രഹിക്കാത്ത വീട്ടുകാരോട് വഴക്കിട്ട് കൊച്ചിയിലെ സുഹൃത്ത് പറഞ്ഞ ജോലിക്കായി ഇറങ്ങി തിരിച്ചു. അവിടെ ഫിറ്റ്‌നസ് സെന്ററിലെ റിസപ്ഷനിസ്റ്റ് ജോലിക്ക് അപേക്ഷിച്ചു. ഇന്റർവ്യുവിൽ എന്റെ എല്ലാ കാര്യവും തുറന്നു പറഞ്ഞു. അതുകേട്ട് ജിം സെന്റർ ഉടമയുടെ അമ്മ ജാസ്മിനെ കൂടെക്കൂട്ടുകയായിരുന്നു. അന്നുമുതൽ തനിക്ക് ഒരു അമ്മ തണൽ കൂടിയായെന്ന് ജാസ്മിൻ പറയുന്നു.

ക്രൂരതകൾ മാത്രം ഏറ്റുവാങ്ങിയ ശരീരത്തിന്റെ ദുർബലതയെ മറച്ച് കരുത്ത് നേടണമെന്ന ആഗ്രഹം ജാസ്മിന് കലശലായതോടെ പിന്നെ ഫിറ്റ്‌നസ് പരിശീലനത്തിലേക്ക് ചുവടുമാറി. അതോടെ ട്രെയിനർ ആകണമെന്നായി. ബെംഗളൂരുവിൽ പാർട് ടൈം ജോലി ചെയ്ത് ഫിറ്റ്‌നസ് ട്രെയിനിങ് സർട്ടിഫിക്കേഷൻ കോഴ്‌സ് ചെയ്തു. ട്രെയിനറായി. ജീവിതം തിരിച്ചുപിടിക്കാൻ ആരംഭിച്ചു.

പതിയെ പിടിച്ചു കയറി തുടങ്ങിയ തനിക്ക് ഈ രംഗത്തെ ഓരോരോ പടവുകളായി ചവിട്ടി കയറണമെന്നാണ് ആഗ്രഹമെന്ന് ജാസ്മിൻ പറയുന്നു. സ്ത്രീശരീരത്തിനും പരിമിതികളില്ലെന്നു തെളിയിക്കാനുള്ള ഈ യാത്രയും കഷ്ടപ്പാടുകൾ ഏറിയതാണ്. പക്ഷേ, അതിലൊരു സന്തോഷമുണ്ട്. സ്വന്തമായി മേൽവിലാസമുണ്ട്. അതിനിടയിൽ താൻ തന്റെ കൂട്ടുകാരിയെ കണ്ടെത്തിയെന്നും ജാസ്മിൻ പറയുന്നു. .

‘നമ്മളെ രക്ഷിക്കാൻ വേറെ ആരും വരില്ല. സ്വയം പ്രചോദിപ്പിക്കണം. കല്ല്യാണമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. നമ്മുടെ സന്തോഷമാണ്. എപ്പോഴും സഹായത്തിനു കേണുകൊണ്ടിരിക്കുന്നവർ ആരുടെയെങ്കിലും വലയിൽ വീണുപോകും. ഇതു എന്റെ ജീവിതമാണ്, നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതമാണ്. അതു സ്വയം തന്നെ തിരിച്ചറിയണം, അതിനു സ്വയം തന്നെ പരിശ്രമിക്കണം. ജയിക്കും. ജയിച്ചിരിക്കും. ഞാനാണ് ഉറപ്പ്.’-വനിതാ ദിനത്തിൽ ജാസ്മിന് മറ്റ് പെൺകുട്ടികളോട് പറയാനുള്ളത് ഇത്രമാത്രമാണ്.

Exit mobile version