ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞു; ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലാത്തതിനാൽ മീഡിയ വണ്ണിന്റെ വിലക്കും നീക്കി: വി മുരളീധരൻ

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത വിഷയത്തിൽ ചട്ടലംഘനമുണ്ടായെന്ന് കാണിച്ച് രണ്ട് മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ പ്രക്ഷേപണ വിലക്ക് പിൻവലിച്ചതിന്റെ കാരണം വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതിനാലാണ് വിലക്ക് നീക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ പറ്റില്ലെന്നതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്നീട് പിൻവലിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വാർത്താ പ്രക്ഷേപണത്തെക്കുറിച്ച് അംഗീകരിച്ചിട്ടുള്ള കേബിൾ ടിവി നിയമം ലംഘിച്ചതിനാലാണ് കേന്ദ്രം നടപടിയെടുത്തതെന്നും മുരളീധരൻ വിശദീകരിച്ചു.

ആർഎസ്എസിനെതിരെ വാർത്ത കൊടുക്കാം. എന്നാൽ ജനങ്ങൾക്കിടയിൽ വിദ്വേഷം ഉളവാക്കുന്ന വിധത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരെ മർദ്ദിച്ചു, പള്ളികൾ പൊളിച്ചു, എന്നെല്ലാം വസ്തുതാവിരുദ്ധമായ വാർത്തകൾ ഈ ചാനലുകൾ പ്രചരിപ്പിച്ചെന്നും അതിനാലാണ് നടപടി ഉണ്ടായതെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനരോക്ഷം ഭയന്ന് വിലക്ക് പിൻവലിച്ചതാണെന്ന വാദങ്ങൾ കേൾക്കുമ്പോൾ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നിയമം പാലിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്കും അതിലെ പ്രവർത്തകർക്കും ബാധ്യതയുണ്ടെന്നും പരസ്പര വിദ്വേഷമുണ്ടാക്കുന്ന റിപ്പോർട്ടിങ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version