‘സൂക്ഷിച്ച് നോക്കിയാൽ ഭാഗ്യമുണ്ടെങ്കിൽ കാണാം’; മാധ്യമവിലക്ക് ഒരു വാർത്തയേ അല്ലെന്ന് മനോരമയും മാതൃഭൂമിയും; അതിപ്രാധാന്യത്തോടെ ഒന്നാം പേജ് വാർത്തയുമായി ദേശാഭിമാനി

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചെങ്കിലും കേരളത്തിലെ മറ്റ് മാധ്യമങ്ങൾ കാണിച്ച നിശബ്ദത ചർച്ചയാവുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും മീഡിയ വൺ ചാനലിനും 48 മണിക്കൂർ സംപ്രേക്ഷണ വിലക്കാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത് എങ്കിലും ഒരു രാത്രിക്ക് അപ്പുറം വിലക്ക് സ്വമേധയാ പിൻവലിക്കുകയായിരുന്നു. സോഷ്യൽമീഡിയ മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാണിച്ച് ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ ഇന്ന് കേരളത്തിൽ വിതരണം ചെയ്ത മലയാള പത്രങ്ങൾക്ക് പലർക്കും ഇതൊരു വാർത്തയേ അല്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

പ്രമുഖ പത്രമാധ്യമങ്ങളൊന്നും വേണ്ടത്ര പ്രാധാന്യത്തോടെയല്ല ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള മലയാള പത്രങ്ങൾ കൊച്ചി എഡിഷനിൽ വാർത്ത നൽകിയത് ഉൾപ്പേജുകളിലാണ്.

അതേസമയം, ദേശാഭിമാനി ദിനപത്രം ആദ്യപേജിൽ പ്രധാനവാർത്തയായാണ് മാധ്യമ വിലക്ക് കൊടുത്തിരിക്കുന്നത്. ‘മിണ്ടരുത്’ എന്ന തലക്കെട്ടിൽ മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോർട്ട്. വിലക്കിന്റെ വിശദാംശങ്ങളും വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ വിശദാംശവും സഹിതം നാല് കോളം വാർത്തയാണിത്. വിലക്കിന് കാരണമായ നിയമത്തെക്കുറിച്ചും പ്രത്യേക പരാമർശം റിപ്പോർട്ടിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവിന്റെയും പ്രതികരണവും ആദ്യ പേജിലുണ്ട്.

എന്നാൽ, മലയാള മനോരമ പത്രം ആറാം പേജിൽ രണ്ട് കോളമായാണ് മാധ്യമ വിലക്കിന്റെ വാർത്ത നൽകിയിരിക്കുന്നത്. ‘ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും 48 മണിക്കൂർ വിലക്ക്’ എന്ന തലക്കെട്ടിലാണ് വാർത്ത. വാർത്തയുടെ താഴെ തന്നെയായി വിഷയത്തിൽ വിവിധ സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണങ്ങളും നൽകിയിട്ടുണ്ട്.

മാതൃഭൂമി പത്രത്തിലാകട്ടെ, ഏഴാം പേജിൽ ഒരു കോളത്തിലാണ് വാർത്ത കൊടുത്തിരിക്കുന്നത്. ‘എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും രണ്ടുദിവസത്തെ വിലക്ക്’ എന്ന തലക്കെട്ടിലാണ് മാതൃഭൂമിയുടെ റിപ്പോർട്ട്. 1995ലെ കേബിൾ ടിവി നെറ്റ്‌വർക്ക്‌സ് നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പറയുന്ന മാതൃഭൂമി. ഈ നിയമം എന്താണെന്നും വാർത്തയിൽ നൽകിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണവും മറ്റൊരു വാർത്തയായി നൽകിയിട്ടുണ്ട്

മീഡിയവണിൻറെ സഹോദര സ്ഥാപനമായ മാധ്യമം പ്രധാന വാർത്തയായി തന്നെ മാധ്യമ വിലക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘വായ് മൂടി കേന്ദ്രം’ എന്ന തലക്കെട്ടിലാണ് വാർത്ത. ഡൽഹി വംശീയാതിക്രമ റിപ്പോർട്ട് മീഡിയവണിനും ഏഷ്യാനെറ്റിനും 48 മണിക്കൂർ വിലക്കെന്നാണ് വാർത്ത പറയുന്നത്. മീഡിയവണ്ണിന്റെ വാർത്താ കുറിപ്പും വിവിധ സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണവും അഞ്ചാം പേജിലും മാധ്യമം നൽകിയിട്ടുണ്ട്.

കേരളകൗമുദി ദിനപത്രം ഏഴാം പേജിൽ ഒരുകോളം വാർത്തയായാണ് അപ്രാധാന്യത്തോടെ മാധ്യമ വിലക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണിനും വിലക്ക്’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്. വർഗീയ പരമാർശം നടത്തി കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് വിലക്കുന്ന കേബിൾ ടിവി നെറ്റ്‌വർക്ക്‌സ് നിയമപ്രകാരമാണ് നടപടിയെന്നാണ് വാർത്തയിൽ പറയുന്നത്.

Exit mobile version