കാക്കിയുടെ അഹങ്കാരം ഉപയോഗിച്ച് പരാതിക്കാരെ നിരന്തരം ഉപദ്രവിക്കുന്ന സിഐ ശ്രീമോൻ സമൂഹത്തിന് ഭീഷണി; ഉടൻ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് സേനയിലെ പുഴുക്കുത്തായ ഉദ്യോഗസ്ഥനെ ഉടൻ സർവീസിൽ നിന്നും പുറത്താക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എൻജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻജി ശ്രീമോൻ.

ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മർദ്ദനത്തെ തുടർന്ന് കല്ലൂർക്കാട് സ്വദേശിയായ രജീഷ് ആത്മഹത്യ ചെയ്‌തെന്നതുൾപ്പടെയുള്ള പരാതികൾ ശ്രീമോനെതിരെയുണ്ട്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ മകനെ മർദ്ദിച്ചതെന്നും ആത്മഹത്യ ചെയ്ത രജീഷിന്റെ അമ്മ അന്ന് പറഞ്ഞിരുന്നതാണ്. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ ഇയാൾക്കെതിരെ നൽകിയ മൊഴി.

നിരവധി കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോൻ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നു. ഇയാൾക്ക് എതിരായി മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന് കോടതി നോട്ടീസ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് വിമർശനം.

ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വെച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു.

നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നതോടെ കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പരാതിക്കാരെ കണ്ട് വിശദമായി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇവയിൽ മുപ്പതോളം പരാതികളിലെ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്. നിരവധി ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ള ശ്രീമോനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയാണ് വകുപ്പ് നടപടി എടുത്തത്. എന്നാൽ സസ്‌പെൻഷനിലേക്ക് നീങ്ങേണ്ടിയിരുന്ന നടപടി സ്ഥലം മാറ്റമായി ഒതുക്കുകയായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.

Exit mobile version