സോഷ്യൽമീഡിയ രോഷം വേണ്ട; നാടക വണ്ടിയുടെ ബോർഡിന് ചുമത്തിയത് 24,000 രൂപയല്ല; മറുപടിയുമായി ആർടിഒ ഉദ്യോഗസ്ഥ

തൃശ്ശൂർ: നാടക വണ്ടിയിൽ ബോർഡ് വെച്ച് പോയതിന് 24,000 രൂപ പിഴ ചുമത്തിയതിന്റെ പേരിൽ രോഷം കൊള്ളുന്നവർക്ക് മറുപടിയുമായി തൃപ്രയാർ ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ ഷീബ രംഗത്ത്. അശ്വതി തീയ്യേറ്റേഴ്‌സിലെ പ്രവർത്തകരെ വലച്ച് വൻതുക പിഴ ചുമത്തിയതിന് സോഷ്യൽമീഡിയയിൽ അടക്കം കനത്ത രോഷം പുകയുന്നതിനിടെയാണ് ഉദ്യോഗസ്ഥ വിശദീകരണവുമായി രംഗത്തെത്തിയത്.

‘ബോർഡ് വച്ചതുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറുമായി സംസാരിക്കുന്നതിനിടെ എത്തിയ ഒരാൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഏത് നിയമമാണ്, നിങ്ങൾക്ക് എന്തധികാരം എന്ന രീതിയിലെല്ലാം നാടക പ്രവർത്തകൻ സംസാരിച്ചു. കേരള മോട്ടർ വെഹിക്കിൾ റൂൾ 191 വകുപ്പ് പ്രക്രാരം ഫീസ് അടച്ച ശേഷം മാത്രമേ വാഹനത്തിനു മുകളിൽ ബോർഡ് പ്രദർശിപ്പിക്കാൻ പാടുള്ളൂ. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. 24,000 എന്നത് പിഴയല്ല, പരസ്യം പ്രദർശിപ്പിച്ച ഏരിയയാണ്. ഫൈൻ ഒരു വർഷത്തേക്ക് ആയാൽ പോലും 9600 രൂപയേ വരികയുള്ളൂ. ബോർഡിന്റെ നീളവും വീതിയും ചേർന്ന ഏരിയയായി 24000 സെന്റിമീറ്റർ സ്‌ക്വയർ എന്ന് കൃത്യമായി ചെക്ക് റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്’ ഷീബ വ്യക്തമാക്കി. ചേറ്റുവ ചാവക്കാട് ബ്ലാങ്ങാട് എന്ന സ്ഥലത്ത് വെച്ചാണ് അശ്വതി തീയ്യേറ്റേഴ്‌സിനു നാടകമുണ്ടായിരുന്നത്.

ബോർഡ് വച്ച് പോയ വണ്ടി നിർത്തിച്ച് ബോർഡിനെക്കുറിച്ച് സംസാരിച്ചെന്നും നിയമം പഠിപ്പിക്കാതെ പിഴ അടയ്ക്കണമെന്ന് പറഞ്ഞതായും തീയ്യേറ്റേഴ്‌സ് ഉടമ ഉണ്ണി പറഞ്ഞു. കോടതി വഴി പിഴ അടയ്ക്കണമെന്നു തന്നെയാണ് പറഞ്ഞതെന്നും ഉണ്ണി പറയുന്നു. മോട്ടോർ വാഹനവകുപ്പിന്റെ നടപടിക്കെതിരെ സിനിമാ-നാടകരംഗത്തുള്ള നിരവധിപ്പേരാണ് രംഗത്ത് വന്നത്.

Exit mobile version