മൃതദേഹം ഒഴുകി മറുകരയിലെത്തിയിട്ടും എന്തുകൊണ്ട് കരിങ്കൽ കൂട്ടത്തിൽ തട്ടിയില്ല? മരണം സംഭവിച്ചത് 1 മണിക്കൂർ കഴിഞ്ഞിട്ടും; ദേവനന്ദയെ വെള്ളത്തിൽ തള്ളിയിട്ടതാണെന്ന സംശയം ബലപ്പെടുന്നു

devananda_1

കൊട്ടിയം: കൊല്ലത്തെ ഏഴുവയസുകാരി ദേവനന്ദയ്ക്ക് സംഭവിച്ചത് അപകടമല്ലെന്നും കുട്ടിയെ അപായപ്പെടുത്തിയതാണെന്നുമുള്ള സംശയങ്ങൾ ബലപ്പെടുന്നു. ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിമൺ ആറ്റിന്റെ ഇളവൂർ ഭാഗത്തെ വിവിധയിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് ചെളി ശേഖരിച്ച് പോലീസിന് കൈമാറി. ഫോറൻസിക് സംഘത്തിന്റെ നിർദേശ പ്രകാരമാണിത്. പോസ്റ്റ്‌മോർട്ടം നടത്തിയ സമയത്ത് കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയ ചളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തുന്നത് കേസന്വേഷണത്തിന് ഏറെ സഹായകരമാകും. ഇതിനായാണ് സാമ്പിൾ ശേഖരിച്ചത്.

അതേസമയം, പോലീസിന്റെയും ഫോറൻസിക് വിദഗ്ധരുടേയും സംശയം കുട്ടിയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നതാണ്. ആറിന്റെ മധ്യഭാഗത്ത് കരിങ്കൽ കൂട്ടമുണ്ടെങ്കിലും അതിൽ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല. ഈ പാറയിൽ തട്ടാതെ പുഴക്കടവിൽ നിന്നും മൃതദേഹം ഒഴുകിപ്പോകുക പ്രയാസകരമാണെന്നാണ് പറയുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കിൽ മാത്രമേ മരണം സംബന്ധിച്ച് ഇനിയെന്തെങ്കിലും നിഗമനങ്ങൾക്ക് സാധ്യതയുള്ളൂവെന്ന് പോലീസ് പറയുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനു ശേഷമാണ് കുട്ടി മരിച്ചതെന്ന റിപ്പോർട്ട് ഇപ്പോൾ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ദേവനന്ദയെ കാണാതായി മിനിറ്റുകൾക്കകം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കണ്ടെത്താനാകാതെ വന്ന കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത് വീടിന് വിളിപ്പാടകലെ തന്നെയാണ്.

അവിടേക്ക് പുഴയിലെ കുളിക്കടവിൽ നിന്നല്ലാതെ മറ്റു സ്ഥലത്തുനിന്ന് ഒഴുകി വന്നതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഒരു ബലപ്രയോഗവും ഇല്ലാതെ ദേവനന്ദ കൂടെ പോകണമെങ്കിൽ മുൻപരിചയമുള്ള ആരെങ്കിലും ആണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങുന്നു. ഒരാളെ സംശയിക്കുന്നതായി അടുത്ത ബന്ധുക്കൾ പോലീസിന് മൊഴിയും നൽകിയിട്ടുണ്ട്. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പോലീസ് നിരീക്ഷണം പുരോഗമിക്കുകയാണ്.

Exit mobile version