എഴുപതുകാരിയുടെ മാല പൊട്ടിച്ച് സംഘം കാറിൽ കടന്നുകളഞ്ഞു; ഒടുവിൽ കള്ളന്മാരെ പിടിച്ചപ്പോൾ ഞെട്ടിച്ച് പ്രതികളുടെ കൂട്ടത്തിൽ കൊച്ചുമകനും

കുറവിലങ്ങാട്: കോട്ടയം ഉരുളികുന്നത്ത് എഴുപതുവയസ്സുള്ള വീട്ടമ്മയുടെ മാലയും പൊട്ടിച്ച് കാറിൽ കടന്നുകളഞ്ഞ സംഘത്തെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് നാട്ടുകാരും വീട്ടുകാരും. കവർച്ചാ സംഘത്തിലെ ഒരു പ്രതിയെ കുറവിലങ്ങാട് പോലീസ് പിടികൂടിയപ്പോഴാണ് വീട്ടമ്മയുടെ കൊച്ചുമകൻ തന്നെയാണ് പ്രതിയെന്ന് വ്യക്തമായത്. പ്രതിയുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. വീട്ടമ്മയുടെ മകളുടെ മകൻ പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻ സാബുവാണ്(24) കാറുമായി പിടിയിലായത്.

ഇയാളുടെ സുഹൃത്തും രാമപുരം സ്വദേശിയുമായ വിഷ്ണു(23) വാണ് രക്ഷപ്പെട്ടത്. മാല കോട്ടയത്ത് ജൂവലറിയിൽ വിൽക്കുന്നതിന് സഹായം ചെയ്ത സച്ചിന്റെ ഭാര്യ അഖിലയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അഖില തുടക്കം മോഷണത്തിൽ പങ്കാളിയാണോ എന്ന് വ്യക്തമല്ല.

വ്യാഴാഴ്ച രാവിലെ 9.30-ന് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലുള്ള വീട്ടുമുറ്റത്തുവെച്ചാണ് കവർച്ചാശ്രമം ഉണ്ടായത്. ഈരയിൽ മേരിയുടെ മൂന്നു പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് സംഘം പൊട്ടിച്ചെടുത്തത്. പഞ്ചായത്ത് റോഡിൽ നിന്ന് 200 മീറ്ററിലേറെ ചെമ്മൺപാതയിലൂടെ കാറോടിച്ച് വീടിനടുത്ത് നിർത്തിയശേഷം ഇറങ്ങിവന്ന ഒരാൾ കേബിൾ ടിവിയുടെ തകരാർ പരിഹരിക്കാനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ മേരിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് കാറിലേക്കോട കയറുകയായിരുന്നു. മേരി നിലവിളിച്ചപ്പോൾ ഓടിയെത്തിയ അയൽക്കാർ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചുമാറ്റി കാറിൽ സംഘം കടന്നുകളയുകയായിരുന്നു.

ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ കാറിന്റെ നമ്പർ കണ്ട കുര്യനാട് സ്വദേശി തന്റെ കാർ വാടകയ്ക്ക് കൊണ്ടുപോയ ആൾ തിരികെ നൽകിയിട്ടില്ലെന്ന് കുറവിലങ്ങാട് പോലീസിനെ അറിയിച്ചത്. പിന്നീട് പാറ്റാനി കവലയിൽ കണ്ടെത്തിയ കാറിനെ പോലീസ് പിന്തുടർന്ന് കുറുപ്പന്തറ റെയിൽവേ ക്രോസിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ വിഷ്ണു ഇറങ്ങി ഓടിരക്ഷപ്പെട്ടു. സച്ചിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുറവിലങ്ങാട് എസ്‌ഐ ദീപു, എസ്‌ഐ സജിമോൻ, എഎസ്‌ഐ രാജൻ, സിപിഒമാരായ അരുൺ, ബിജു, ജിനു എന്നിവർ ചേർന്നാണ് പിന്തുടർന്ന് പിടികൂടിയത്.

Exit mobile version