സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍വെച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കൊല്ലം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പോലീസ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച് തന്റെ കൂടെ വരണമെന്ന് പറയുകയും എതിര്‍ത്തപ്പോള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പറഞ്ഞു. നാടോടി സ്ത്രീയുടെ പിടിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.

ശേഷം നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നാടോടി സ്ത്രീയെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തെങ്കാശി സ്വദേശിയാണ് സ്ത്രീയെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. തെങ്കാശി സ്വദേശിയായ ഷണ്മുഖന്‍ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

അതേസമയം, മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങളും ഇവര്‍ പ്രകടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇത് അഭിനയമാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version