‘നടത്തിപ്പുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, തന്നെ മര്‍ദ്ദിക്കുന്നത് മറ്റ് അന്തേവാസികളും കണ്ടിട്ടുണ്ട്’ ; ഷെല്‍ട്ടര്‍ ഹോമില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ശബ്ദ രേഖ പുറത്ത്

പാലക്കാട്: ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ച തൃശ്ശൂര്‍ സ്വദേശി സിദ്ദിഖിന്റെ ശബ്ദ രേഖ പുറത്ത്. തൃത്താല മുടവെന്നൂരിലെ സ്‌നേഹനിലയം ഷെല്‍ട്ടര്‍ ഹോമിലെ നടത്തിപ്പുകാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് സിദ്ദിഖ് ബന്ധുക്കള്‍ക്കയച്ച ശബ്ദരേഖയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

സിദ്ദിഖ് മരിക്കുന്നതിന് മുന്‍പ് സഹോദരീ പുത്രന്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണ് പുറത്തായത്. സ്‌നേഹനിലയത്തില്‍ നിന്നും നടത്തിപ്പുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തന്നെ മര്‍ദ്ദിക്കുന്നത് മറ്റ് അന്തേവാസികള്‍ കണ്ടിട്ടുണ്ടെന്നും കുഞ്ഞിതങ്ങള്‍ എന്ന് വിളിക്കുന്ന വ്യക്തിയും കൂട്ടാളികളും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നും സിദ്ദിഖ് ബന്ധുക്കളോട് പറഞ്ഞു.

രണ്ട് വര്‍ഷമായി പാലക്കാട് തൃത്താലയിലെ സ്‌നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ദീഖ്. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം 21ന് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ക്രൂരമര്‍ദനത്തിനിരയായ സിദ്ദീഖിന്റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു. ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിന് നട്ടെല്ലിന് പൊട്ടലേറ്റതിനാല്‍ ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

നട്ടെല്ലിന് പൊട്ടലും കാല്‍ മുട്ടിന് താഴെ മര്‍ദ്ദനങ്ങളോടെയുമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.സംഭവത്തെത്തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സിദ്ദിഖിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ സിദ്ദീഖിന് മരുന്ന് പോലും നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഉച്ചക്കാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സിദ്ദീഖ് മരണപ്പെട്ടത്.അതേസമയം, സിദ്ദീഖിനെ ചൂരല്‍കൊണ്ട് അടിച്ചിരുന്നുവെന്ന് ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ തുറന്ന് പറഞ്ഞു. എന്നാല്‍ കാര്യമായി മര്‍ദിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് മുടവന്നൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പും സ്‌പെഷ്യല്‍ ബ്രാഞ്ചും ചേര്‍ന്ന് പരിശോധന നടത്തി. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Exit mobile version