മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; ദേവനന്ദയുടെ ശ്വാസകോശത്തിൽ വെള്ളവും ചെളിയും; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

തിരുവനന്തപുരം: കൊല്ലം ഇളവൂരിൽ ആറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദ(7)യുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ആറ്റിൽ മുങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ ഫോറൻസിക് വിദഗ്ധർ വാക്കാൽ പോലീസിന് കൈമാറി.

കണ്ണനെല്ലൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ഉൾപ്പടെയുള്ളവ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മരിച്ച ദേവനന്ദ (പൊന്നു) നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ്. വ്യാഴാഴ്ച രാവിലെ പത്തോടെ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഏഴരയ്ക്കാണ് സമീപത്തെ ആറ്റിൽ കണ്ടെത്തിയത്.

Exit mobile version