ഈരാറ്റുപേട്ട: ഇനിയൊരു യുദ്ധം നടന്നാൽ അത് ജലത്തിന് വേണ്ടിയാകുമെന്ന വാക്കുകളൊന്നും ഈരാറ്റുപേട്ടയിലെ അലി സാഹിബ് കേട്ടിരുന്നിരിക്കില്ല. എങ്കിലും മരണത്തിന് മുമ്പ് ഒസ്യത്ത് എഴുതുമ്പോൾ പുരയിടവും സ്ഥലങ്ങളുമെല്ലാം മക്കൾക്ക് ഭാഗിച്ചപ്പോഴും പതിറ്റാണ്ടുകൾക്ക് മുമ്പ് കുഴിച്ച കിണർ നിൽക്കുന്ന സ്ഥലം ആർക്കും നൽകിയില്ല അദ്ദേഹം. ഒരു നാടിന്റെയാകെ കുടിവെള്ള സ്രോതസായ കിണറിനെ ഒരു വേലിക്കുള്ളിൽ ഒതുക്കാൻ അലി സാഹിബ് തയ്യാറായിരുന്നില്ല. പതിറ്റാണ്ടുകൾക്ക് ജലത്തിന്റെ മൂല്യം അത്രയേറിയ അറിഞ്ഞ വ്യക്തിയായിരുന്നു ഈരാറ്റുപേട്ട മാങ്കുഴക്കൽ പരേതനായ അലി സാഹിബ്. അദ്ദേഹം കാണിച്ച ഈ മാതൃക തന്നെയാണ് നാട്ടുകാരായ കണ്ടത്തിൽ കെഎം മുഞ്ഞുമുഹമ്മദ് സഹാബും ചെറിയവല്ലം തമ്പി ഹാജിയും പിന്തുടരുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് മാങ്കുഴക്കൽ വീട്ടിൽ കിണർ കുഴിച്ച നാൾമുതൽ നാട്ടുകാർക്ക് ആ കിണർവെള്ളമായിരുന്നു ആശ്രയം. അതുകൊണ്ടാണ് അലി സാഹിബ് വ്യത്യസ്തമായ തീരുമാനം എടുത്തത്. കുട്ടിക്കാലം മുതൽ നാട്ടുകാരുടെ ആശ്രയമായ കിണർ മരണശേഷവും അങ്ങനെത്തന്നെയാവട്ടേയെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ തീരുമാനത്തിന് ഇന്നും മാറ്റമില്ല. എൺപതോളം മോട്ടോറുകളുണ്ട് ഈ കിണറിൽ. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപ്പരം കുടുംബങ്ങളിലേക്കാണ് ഈ കിണറ്റിലെ വെള്ളമെത്തുന്നത്.
പറഞ്ഞുവരുമ്പോൾ ഈ കിണർ ഇപ്പോൾ നാട്ടുകാരുടേതാണ്! മുഞ്ഞുമുഹമ്മദ് സഹാബിന്റെയും തമ്പി ഹാജിയുടെയും കിണറുകളും ഇതുപോലെ തന്നെ. ഇതിലെ കാരുണ്യത്തിന്റെ കുളിർവെള്ളവും നാട്ടുകാർക്കുതന്നെ. കണ്ടത്തിൽ കിണറിൽ 20-ഉം ചെറിയവല്ലം കിണറ്റിൽ 25-ഉം മോട്ടോറുകൾ സമീപവാസികളുടേതായി സ്ഥാപിച്ചിട്ടുണ്ട്. ആർക്കും വെള്ളമെടുക്കാം, കിണർ വൃത്തിയായി സൂക്ഷിക്കണമെന്നുമാത്രം. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കേണ്ട. അരമണിക്കൂർ കാത്തിരുന്നാൽ ഒരുടാങ്കിലേക്കുള്ള വെള്ളം വീണ്ടും ഉറവയിലൂടെ കിണറ്റിലെത്തിയിരിക്കും.
പ്രായാധിക്യത്താൽ വീടുകളിൽ വിശ്രമത്തിലാണ് മുഞ്ഞുമുഹമ്മദ് സഹാബും തമ്പി ഹാജിയും. സൽകർമ്മം ചെയ്തതിന്റെ ആശ്വാസത്തോടെ ഇരുവരും സന്തുഷ്ടരായി തന്നെ തുടരുകയാണ്.