റാന്നിയില്‍ വനപാലകനെ ആന കുത്തിക്കൊന്നു; അപകടം നാട്ടിലെത്തിയ കാട്ടാനയെ കാട്ടിലേയ്ക്ക് മടക്കി അയക്കാന്‍ ശ്രമിക്കുന്നതിനിടെ!

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രദേശവാസിയായ കെപി പൗലോസ് എന്ന രാജന്‍(62) റാന്നിതാലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

റാന്നി: പത്തനംതിട്ട റാന്നിയില്‍ വനപാലകനെ ആന കുത്തിക്കൊന്നു. നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ആനയെ കാട്ടിലേയ്ക്ക് അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വനപാലകനെ കുത്തിക്കൊന്നത്. രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ആയ എഎസ് ബിജു(38) ആണ് മരിച്ചത്.

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രദേശവാസിയായ കെപി പൗലോസ് എന്ന രാജന്‍(62) റാന്നിതാലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് ബിജു അടക്കമുള്ള വനപാലക സംഘം കാട്ടാന നാട്ടിലിറങ്ങിയതറിഞ്ഞ് റാന്നി കട്ടിക്കല്ലിലെത്തിയത്. ആനയെ വനത്തിലേക്ക് തിരികെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിജുവിനെ ആന കുത്തി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രദേശവാസിയായ പൗലോസിനെ ആന ആക്രമിച്ചത്. സ്വന്തം റബര്‍തോട്ടത്തില്‍ ടാപ്പിംഗിനിടെയാണ് ആന പൗലോസിനെ ആക്രമിച്ചത്. പൗലോസിനെ ആന ആക്രമിച്ചതോടെയാണ് കാട്ടാന നാട്ടിലിറങ്ങിയ വിവരം പ്രദേശവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അറിയുന്നത്. തുടര്‍ന്നാണ് ബിജുവിന്റെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി. ആനയെ കണ്ട് തോക്കുപയോഗിച്ച് വെടിശബ്ദം ഉണ്ടാക്കിയപ്പള്‍ ആന വനപാലകരുടെ അടുത്തേക്ക് ഓടി വരികയും ബിജുവിന്റെ നെഞ്ചില്‍ കുത്തി വീഴ്ത്തുകയുമായിരുന്നു. ഏറെ സമയത്തെ പരിശ്രമത്തിന് ശേഷം രാത്രി എട്ടുമണിയോടെയാണ് ആനയെ തിരികെ കാട്ടിലേക്ക് മടക്കി വിടാന്‍ സാധിച്ചത്.

Exit mobile version