‘എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്, ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? ഒരു ഓന്തിനെ കൊന്നാല്‍ പോലും കേസെടുക്കും, മനുഷ്യന് വിലയില്ലേ? അജീഷിന്റെ പിതാവ്

മാനന്തവാടി: വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മാനന്തവാടിയില്‍ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബം. ‘ജീവന്‍ നഷ്ടമായശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്തുകാര്യമാണുള്ളത് അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ല. സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോള്‍ ഓടി വന്നിട്ട് കാര്യമില്ല,’- അജീഷിന്റെ പിതാവ് ജോസഫ് പറഞ്ഞു.

നിലവില്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. ഒരു ഓന്തിനെ കൊന്നാല്‍ പോലും വനംവകുപ്പ് കേസെടുക്കും. ഒരു മനുഷ്യന്‍ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍പോലും ആരും വരുന്നില്ല. അവര്‍ക്ക് ശമ്പളം മതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വനംവകുപ്പിനേയും വകുപ്പ് മന്ത്രി എകെ ശശീന്ദ്രനേയും ജോസഫ് വിമര്‍ശിക്കുന്നുണ്ട്. ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണം. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- കുര്‍ബാനക്കിടെ കുഴഞ്ഞുവീണു, പിന്നാലെ വായില്‍നിന്നു നുരയും പതയും, 16കാരന് ദാരുണാന്ത്യം

ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ബേലൂര്‍ മഗ്ന എന്ന ആനയാണ് ദുരന്തമുണ്ടാക്കിയത്. ആനയെ ട്രാക്ക് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുംകി ആനകളെ ഉപയോഗിച്ച് വലയിലാക്കാനുള്ള ശ്രമത്തിലാണ്. ബാവലി -മണ്ണുണ്ടി മേഖലയിലാണ് നിലവില്‍ ആനയുള്ളത്.

Exit mobile version