പണി പൂർത്തിയായ റെയിൽ പാതയിൽ പരിശോധനയ്ക്ക് മുമ്പ് പീഠം വെച്ച് വിളക്ക് തെളിയിച്ച് പൂജ; സംഭവം ആലപ്പുഴയിൽ

അമ്പലപ്പുഴ: പണി പൂർത്തിയായ റെയിൽപാതയുടെ പരിശോധനയ്ക്ക് മുമ്പായി പാളത്തിൽ നടത്തിയ പൂജ വിവാദത്തിലേക്ക്. അമ്പലപ്പുഴ-ഹരിപ്പാട് ഇരട്ടപ്പാതയുടെ സുരക്ഷാ പരിശോധന നടത്തുന്നതിനു മുന്നോടിയായാണ് അമ്പലപ്പുഴ സ്റ്റേഷനു സമീപം പാളത്തിൽ ഹൈന്ദവാചാര പ്രകാരം പൂജ നടത്തിയത്.

ബുധനാഴ്ച രാവിലെ 7.30 നു ട്രോളി ഓടിച്ച് സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പുലർച്ചെ തന്നെ സ്റ്റേഷനിലെത്തി. രാവിലെ ഏഴോടെ സേഫ്റ്റി കമ്മിഷണർ കെഎ മനോഹരൻ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എകെ സിൻഹ, ഡിവിഷണൽ മാനേജർ എസ്‌കെ സിൻഹ എന്നിവരും സംഥലത്തെത്തി.

എന്നാൽ പരിശോധനയ്ക്ക് തൊട്ടുമുമ്പായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി അരുൺ നമ്പൂതിരി ട്രാക്കിൽ പീഠംവച്ച് പട്ടുവിരിച്ച് കലശക്കുടം വച്ച് ഇരുവശങ്ങളിലും വിളക്ക് തെളിയിച്ച് പൂജ തുടങ്ങി. ഒരു മണിക്കൂറോളം നീണ്ട പൂജയ്ക്കുശേഷം പാളത്തിൽ തേങ്ങയുടച്ച് വീലിനടിയിൽ നാരങ്ങ വച്ചാണു ട്രോളി മുന്നോട്ടു നീങ്ങിയത്. ഏതാനും ദിവസം മുമ്പ്, കാശി-മഹാകാൽ എക്സ്പ്രസ് ട്രെയിനിൽ ശിവപൂജ നടത്തിയതു വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ആലപ്പുഴയിലെ പൂജ.

Exit mobile version