തീക്കട്ടയിൽ ഉറുമ്പ്! പോലീസുകാരുടെ ബൈക്കുകളിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷണം പോയി

തിരുവനന്തപുരം: പോലീസുകാരെ പറ്റിച്ച് അവരുടെ ബൈക്കുകളിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷ്ടിച്ച് കള്ളന്മാർ. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളഞ്ഞു.

ആറ് ബൈക്കുകളിൽ നിന്നായി പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്. പ്രതികളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ 1.30യോടെയാണ് സംഭവം നടന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിനെ തുടർന്ന് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് കണ്ട വഴിയാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് വരുന്നത് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Exit mobile version