‘ശൈലജ ടീച്ചറുടെ പ്രയത്‌നങ്ങൾ എടുത്തു പറയണം; ചൈനയിലെ മെഡിക്കൽ പഠനം കഴിഞ്ഞാൽ കേരളത്തെ സേവിക്കാൻ എത്തും’; കൊറോണ അതിജീവിച്ച പെൺകുട്ടി

തൃശ്ശൂർ: 25 ദിവസം ഏകാന്തവാസം നടത്തിയിട്ടും മനസാന്നിധ്യം കൈവിടാതെ കൊറോണയെ അതിജീവിച്ച പെൺകുട്ടി. ചൈനയിലെ വുഹാനിൽ മെഡിസിൻ പഠനം നടത്തുന്ന പെൺകുട്ടി ഇന്ത്യയിലെ തന്നെ ആദ്യത്തെ കൊറോണ ബാധിതതയും അതിജീവിച്ച പെൺകുട്ടിയുമാണ്. കൊറോണയെ അതിജീവിച്ച പെൺകുട്ടി ജനുവരി 27 മുതൽ ഫെബ്രുവരി 20 വരെയാണ് ആശുപത്രിയിൽ എല്ലാ ഭീതിയേയും ഉള്ളിലൊതുക്കി പിപിഇ കിറ്റുമണിഞ്ഞ് കഴിഞ്ഞത്.

ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കോവിഡ്19 (കൊറോണ) വൈറസ് തന്നെയും ബാധിച്ചെന്ന് അറിഞ്ഞിട്ടും ഈ മെഡിക്കൽ വിദ്യാർത്ഥിനി തളർന്നില്ല. ആദ്യത്തെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും പോരാടാൻ തന്നെ മനസിലുറച്ചു. 25 ദിവസത്തെ ആശുപത്രിയിലെ ഏകാന്തജീവിതം കഴിഞ്ഞ് രോഗത്തെ അതിജീവിച്ച് അവൾ വീട്ടിലെത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ കാണിച്ച കരുതലിനും ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രയത്‌നത്തിനും നന്ദി പറയുകയാണ് ഈ പെൺകുട്ടി.

പെൺകുട്ടിയുടെ വാക്കുകൾ സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ:

”വുഹാൻ യൂണിവേഴ്‌സിറ്റിയിലെ മൂന്നാംവർഷ മെഡിസിൻ വിദ്യാർത്ഥിയാണ് ഞാൻ. മൂന്നുവർഷമായി ചൈനയെ അടുത്തറിയാൻ തുടങ്ങിയിട്ട്. ചൈന നല്ല ജീവിതസാഹചര്യങ്ങൾ നൽകുന്നൊരു രാജ്യമാണ്. ഒരു വിവേചനവും അനുഭവിച്ചിട്ടില്ല. സാധാരണ ജനുവരിയിലാണ് അവധിക്കാലം. ഇത്തവണ അവധികാലത്ത് അവിടെ നിൽക്കാനായിയിരുന്നു പ്ലാൻ. പക്ഷേ, പെട്ടന്നാണ് അവസ്ഥ മാറിയതും നാട്ടിലെത്തിയതും”.

”എനിക്കുവേണ്ടി പ്രാർത്ഥിച്ചവരോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. നമ്മളറിയാതെ എത്ര ആളുകളാണ് പ്രാർഥിക്കാനുള്ളത്. അതൊരു പ്രത്യേക വികാരം തന്നെയാണ്. നമ്മൾ ഒറ്റയ്ക്കല്ല, ആരൊക്കെയോ കൂടെയുണ്ടന്ന ഒരു തോന്നൽ വരും. കേരളത്തിൽ ജീവിക്കുന്നു എന്നു പറയുമ്പോഴുണ്ടാവുന്ന അഭിമാനവും സന്തോഷവുമുണ്ടല്ലോ. അതുതന്നെയാണ് നമ്മുടെ ആരോഗ്യവകുപ്പിനെപ്പറ്റി ചോദിച്ചാലും മനസ്സിൽ നിറയുന്നത്.”

‘ശൈലജ ടീച്ചറിന്റെ പ്രയത്‌നങ്ങളെപ്പറ്റി എടുത്തുപറയണം. പഠനം കഴിഞ്ഞാൽ സേവനം തീർച്ചയായും കേരളത്തിലായിരിക്കും. ജോലിയിൽ നൂറുശതമാനം നീതി പുലർത്തും. ഇപ്പോൾ ഒരു പ്രതിസന്ധിയുണ്ടായത് ഞാൻ നേരിൽ കണ്ടതാണ്. എന്നെ പരിചരിച്ചവരുടെ സ്‌നേഹവും കരുതലും ഞാൻ അനുഭവിച്ചതാണ്. ഇതിനപ്പുറം മറ്റെന്ത് പോസിറ്റീവ് എൻജിയാണ് എനിക്ക് ഈ മേഖലയിൽ തുടരാൻ വേണ്ടത്” പെൺകുട്ടി പറയുന്നു.

Exit mobile version