സംസ്ഥാനം വിയര്‍ക്കുന്നു, ആറുജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രതനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ആറുജില്ലകളില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം. രണ്ടുമുതല്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.

തിങ്കളാഴ്ച മിക്ക ജില്ലകളിലും ചൂട് സാധാരണനിലയെക്കാള്‍ കൂടുതലായിരുന്നു.തിങ്കളാഴ്ച കണ്ണൂര്‍, പുനലൂര്‍, കോഴിക്കോട്, വെള്ളാനിക്കര എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. കണ്ണൂരില്‍ 2.6 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 3.4 ഡിഗ്രി സെല്‍ഷ്യസും ശരാശരി താപനിലയില്‍ കൂടുതലായിരുന്നു.

ചൂട് കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ധാരാളം വെള്ളം കുടിക്കണമെന്നും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version