പിരിക്കാതെ തന്നെ ഒടുവിൽ 21 ലക്ഷത്തിന്റെ കാർ സ്വന്തമാക്കി രമ്യ ഹരിദാസ്; പരാതിയും വിവാദവും ഉണ്ടാക്കരുതെന്ന് അഭ്യർത്ഥന

ആലത്തൂർ: പിരിവുകൾക്കും വിവാദങ്ങൾക്കും ഇട നൽകാതെ ആലത്തൂർ എംപി രമ്യ ഹരിദാസ് കാർ സ്വന്തമായി വാങ്ങിച്ചിരിക്കുകയാണ്. മുമ്പ് ആലത്തൂരിലെ ജനങ്ങളിൽ നിന്നും പണം പിരിച്ച് യൂത്ത് കോൺഗ്രസുകാർ രമ്യ ഹരിദാസിന് കാർ വാങ്ങി നൽകാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ആലത്തൂരിലെ യൂത്തുകോൺഗ്രസുകാർ കൂപ്പൺ അച്ചടിച്ച് പാർട്ടിക്കാരിൽ പണം പിരിച്ചത് വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ എതിർത്തതോടെ പിരിവും കാർവാങ്ങലുമൊക്കെ മുടങ്ങി. അന്ന് സംഭവം വിവാദമായതോടെ പിരിച്ചെടുത്ത പണം കോൺഗ്രസ് പ്രവർത്തകർ തിരിച്ച് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അൽപ്പം വൈകിയാണെങ്കിലും രമ്യ ഹരിദാസ് സ്വന്തമായി കാർവാങ്ങിച്ചിരിക്കുന്നത്.

ബാങ്ക് വായ്പയെടുത്താണ് കാർ വാങ്ങിയതെന്ന് രമ്യ പറഞ്ഞു. മുൻ എംപി വിഎസ് വിജയരാഘവൻ കാറിന്റെ താക്കോൽ രമ്യയ്ക്ക് കൈമാറി. 21 ലക്ഷം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപയാണ് തിരിച്ചടവ്.

അതേസമയം, കാർ വാങ്ങിയത് ആരോടും പറഞ്ഞില്ലെന്ന് ഇനി പരാതിയും വിവാദവുമാക്കരുതെന്നാണ് എംപിയുടെ അഭ്യർത്ഥന.

Exit mobile version