പോലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ കേസ്: മന്ത്രി കടകംപള്ളിയുടെ ഗൺമാനും പ്രതി; കുറ്റം തെളിയും വരെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ ചർച്ചയായ കേരളാ പോലീസിന്റെ വെടിയുണ്ടകൾ കാണാതായ കേസിൽ വകൂടുതൽ വെളിപ്പെടുത്തലുകൾ. ഈ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതിയാണെന്നാണ് വിവരം. പതിനൊന്ന് പ്രതികളുള്ള കേസിൽ മൂന്നാം പ്രതിയാണ് കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാർ. പേരൂർക്കട പോലീസ് 2019-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.

അതേസമയം, കുറ്റവാളിയെന്ന് തെളിയും വരെ സനിൽകുമാർ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സനിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.

വെടിയുണ്ടകൾ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററിൽ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികൾ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വഞ്ചനയിലൂടെ പ്രതികൾ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്‌ഐആർ പരാമർശിക്കുന്നു. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നിട്ടില്ല.

വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം, പ്രതികൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിട്ടും വിശദമായ അന്വേഷണങ്ങൾ നടന്നിട്ടില്ലെന്നാണ് സൂചന. തിരുവനന്തപുരം എസ്എടി കമാൻഡായിരുന്ന വ്യക്തിയുടെ പരാതിയിലാണ് 2019-ൽ പേരൂർക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Exit mobile version