സിഎജി റിപ്പോർട്ടിന് മറുപടി നിയമസഭയിൽ തരാം; ഡിജിപിയെ മാറ്റാൻ ആവശ്യപ്പെടുന്ന കത്ത് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ സിഎജി റിപ്പോർട്ടിന്മേൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മറുപടി നിയമസഭയിൽ പറയാമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആരോപണ വിധേയനായ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും എൻഐഎ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗുരുതരമായ ആരോപണങ്ങളാണ് സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പോലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നു സിഎജി റിപ്പോർട്ടിലുണ്ട്. പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമ്മിക്കാൻ ഡിജിപി വകമാറ്റി ചെലവഴിച്ചു. നിയമവിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആഡംബര വാഹനങ്ങളും വാങ്ങിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version