സാധാരണക്കാരെ എടാ, എടീ വിളികൾ തന്നെ ഇപ്പോഴും; പോലീസ് സർ, മാഡം എന്നൊന്നും വിളിക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ കേരളാ പോലീസ് ഇപ്പോഴും സർ എന്നോ, മിസ്റ്റർ, മാഡം, മിസിസ് എന്നോ ഒന്നും ഉപയോഗിക്കുന്നില്ലെന്ന് വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത്തരത്തിലുള്ള ഔപചാരിക വിളികൾ പോലീസുകാർ നിർബന്ധമായും ഉപയോഗിക്കണമെന്ന് വ്യക്തമായി നിർദേശിച്ചു കൊണ്ട് മൂന്ന് വർഷം മുൻപ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇറക്കിയ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കമ്മീഷൻ അധ്യക്ഷൻ പി മോഹനദാസ് വിമർശനം ഉന്നയിച്ചു.

ഉത്തരവ് നടപ്പിലാക്കാൻ പോലീസ് മേധാവി ബാധ്യസ്ഥനാണെന്നും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഈ ഉത്തരവ് റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ കമ്മീഷൻ ഇറക്കിയ ഉത്തരവ് നടപ്പാകാതെയിരിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് പോലീസ് നടപ്പാക്കാത്തത് തെറ്റാണ്. കേരള പോലീസ് ആക്റ്റ് 2011 ലെ അഞ്ചാം അധ്യായത്തിൽ പോലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് ദേഷ്യപ്പെടാനോ, എടാ, എടീ എന്നൊക്കെ വിളിക്കാനോ പാടുള്ളതല്ല. പോലീസ് ആക്ടിന്റെ 29 ആം വകുപ്പ്, പോലീസ് സേന മുഴുവനായി വായിച്ച് മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ജനമൈത്രി പോലീസ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും ജനങ്ങൾ പോലീസിനെ ശത്രുവായി കാണുന്ന സ്ഥിതിവിശേഷം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ൽ പൊതുതാത്പര്യം മുൻനിർത്തി കോഴിക്കോട് ആം ഓഫ് ജോയ് മാനേജിങ്ങ് ട്രസ്റ്റി അനൂപ് ഗംഗാധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വ്യക്തമായ നിർദേശങ്ങളോടെ ഉത്തരവിറക്കിയത്.

Exit mobile version