രാത്രിയില്‍ വെള്ള വസ്ത്രം ധരിച്ച് കൈയ്യില്‍ വടിയുമായി എത്തും; വഴിയാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിയും; പരിഭ്രാന്തി പരത്തി അജ്ഞാതന്‍

തിരുവനന്തപുരം: രാത്രിയില്‍ വെള്ള വസ്ത്രം ധരിച്ച് കൈയ്യില്‍ വടിയുമായി എത്തി യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്‍. പാലോട് തെങ്കാശി പാതയിലെ ഇളവട്ടം മേഖലയിലെ നാട്ടുകാരാണ് അജ്ഞാതന്റെ ഭീഷണിയില്‍ പരിഭ്രാന്തരായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ടാപ്പിങിനു പോയ ചില തൊഴിലാളികളാണ് അജ്ഞാതനെ കണ്ടത്. വെള്ള പാന്റും ഷര്‍ട്ടും ധരിച്ചു കൈയില്‍ ഒരു വടിയുമായിട്ടാണ് ഇയാളെ കണ്ടത്. റോഡില്‍ കൂടി പോയ ചിലരെ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തുടര്‍ന്ന് സംഭവം സത്യമാണെന്ന് പോലീസിന് തെളിഞ്ഞു. നാട്ടില്‍ മുഴുവന്‍ പരിഭ്രാന്തി പരന്നതോടെ, പോലീസ് അജ്ഞാതന് വേണ്ടിയുളള അന്വേഷണം ആരംഭിച്ചു.

ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടയാള്‍ക്ക് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ച പിടിച്ചുപറിക്കാരന്‍ തമിഴ്‌നാട് സ്വദേശി മുത്തുസെല്‍വത്തിന്റെ സാദൃശ്യം തോന്നിയെങ്കിലും വ്യക്തത ആയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രാത്രികാല തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Exit mobile version