സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന് 13 രൂപ; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ബജറ്റിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവച്ചു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി തിലോത്തമൻ അറിയിച്ചു.

ഇപ്പോൾ സംസ്ഥാനത്ത് നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണു ഒരു ലിറ്റർ കുപ്പി വെള്ളം ചില്ലറ വിൽപ്പനക്കാർക്കു എത്തിക്കുന്നത്. എന്നാൽ വിൽക്കുന്നതാകട്ടെ 20 രൂപയ്ക്കും. ഇതോടെയാണ് വില മാറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരാൻ ആലോചനയുണ്ട്. ഈ വ്യവസ്ഥകൾ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്.

കമ്പനികൾ ഓരോന്നും ശരാശരി 5000 ലീറ്റർ കുപ്പിവെള്ളം വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം 200 അനധികൃത കമ്പനികളും പ്രവർത്തിക്കുന്നണ്ട്. നിയമപ്രകാരം ഒരു കുപ്പി വെള്ള നിർമ്മാണ യൂണിറ്റ് തുടങ്ങാൻ 12 ലൈസൻസ് നേടണം. പൊതുവെ കമ്പനികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് സോഡ നിർമ്മാണത്തിനുള്ള ലൈസൻസ് നേടിയശേഷം അതിന്റെ മറവിലാണു ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബിഐഎസ് നിയമം കർശനമാക്കുന്നതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ. 2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഒരു വിഭാഗം കമ്പനികൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നു മന്ത്രി പി തിലോമത്തമന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ധാരണയിൽ എത്തുകയായിരുന്നു.

Exit mobile version