മദ്യലഹരിയിൽ യുവാവ് ആട്ടവും പാട്ടുമായി ജല സംഭരണിക്ക് മുകളിൽ; മുൾമുനയിൽ നാട്ടുകാർ; ഒടുവിൽ ഫയർഫോഴ്‌സ് എത്തി വലയിലാക്കി

മുതുകുളം: മദ്യപിച്ച് ലക്കുകെട്ട് യുവാവ് ജലസംഭരണിക്ക് മുകളിൽ കയറിയതോടെ ശ്വാസം നിലച്ച് നാട്ടുകാർ. ഒടുവിൽ ആശങ്കയുടെ മണിക്കൂറുകൾക്ക് ഒടുവിൽ യുവാവിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സുമേഷാണ് (34) നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും രണ്ടേകാൽ മണിക്കൂറോളം കുഴക്കിയത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എകെജി നഗറിലുള്ള ജലസംഭരണിക്ക് മുകളിൽ യുവാവ് വലിഞ്ഞുകയറുകയായിരുന്നു. മുകളിൽ ഇയാൾ നിലയുറപ്പിച്ചത് കണ്ട നാട്ടുകാരിൽ ചിലർ സംഭരണിക്ക് മുകളിലെത്തി ഇറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തളർന്ന അവസ്ഥയിലായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന് താഴേക്കുവീണ് അപകടമുണ്ടാകാതിരിക്കാൻ ഇയാളുടെ കൈയും കാലും കൈലി ഉപയോഗിച്ച് മുകളിൽ കെട്ടിയിട്ടതിനുശേഷം അഗ്നിരക്ഷാസേനയെയും പോലീസിനെയും നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസും ഹരിപ്പാട്ടുനിന്ന് അഗ്നിരക്ഷാസേനയും എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ രാത്രി എട്ടേകാലോടെ വലയിൽ കെട്ടി താഴേയ്ക്ക് എത്തിച്ചത്.

താഴെയെത്തുമ്പോഴും യുവാവ് പാതിമയക്കത്തിൽ ആയിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചെന്ന് തെളിഞ്ഞതിനെത്തുടർന്ന് അവശ്യ സർവീസ് തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരേ കേസെടുത്തു.

സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ടിജി മണിക്കുട്ടൻ, ഓഫീസർമാരായ കെ ദീപാങ്കുരൻ, എസ് സജി, പി ബെന്നി, കെകെ രമാകാന്ത്, ഹോംഗാർഡ് കെ സുരേന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Exit mobile version