കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ ആരാണ് തയ്യാറാക്കുന്നതെന്ന് പിവി അന്‍വര്‍; എംഎല്‍എയുടെ സംശയം തീര്‍ത്ത് റവന്യൂമന്ത്രി

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്കിനെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ കുറിപ്പുകള്‍ ആരാണ് തയ്യാറാക്കുന്നതെന്ന് പിവി അന്‍വര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് രേഖാമൂലം മറുപടി നല്‍കിയത്.

കളക്ടര്‍ ജാഫര്‍ മാലിക്കും എംഎല്‍എ പി വി അന്‍വറും തമ്മിലുള്ള അഭിപ്രായവ്യത്യാസം നേരത്തെ തന്നെ വിവാദമായിരുന്നു. ഈ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നിയമസഭയില്‍ ജാഫര്‍ മാലിക്കിന് നേരെ പിവി അന്‍വര്‍ ചോദ്യമുയര്‍ത്തിയത്.

കളക്ടര്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണോ, ഇതിലെ കുറിപ്പുകള്‍ തയ്യാറാക്കുന്നത് ആരാണ് എന്നു തുടങ്ങുന്ന ചോദ്യങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. അന്‍വറിന്റെ ചോദ്യത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രേഖാമൂലം മറുപടി നല്‍കി.

സമൂഹമാധ്യമങ്ങളില്‍ കളക്ടര്‍മാര്‍ ഇടുന്ന കുറിപ്പുകളുടെയെല്ലാം ഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയാണ്. 2015 ല്‍ ആരംഭിച്ച മലപ്പുറം കളക്ടര്‍ എന്ന ഫേസ്ബുക്ക് പേജ് ഔദ്യോഗികമാണെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നിലമ്പൂരിലെ പുനരധിവാസ പദ്ധതികളുടെ പേരിലാണ് കളക്ടറും എംഎല്‍എയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്.

ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങള്‍ക്കായുളള വീടു നിര്‍മ്മാണം പിവി അന്‍വര്‍ തടഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ എംഎല്‍എയ്‌ക്കെതിരെ കളക്ടര്‍ രംഗത്തെത്തിയിരുന്നു. ആദിവാസി സഹോദരങ്ങള്‍ക്ക് പാര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എംഎല്‍എ പിവി അന്‍വറും കളക്ടര്‍ ജാഫര്‍ മാലിക്കും തമ്മില്‍ തര്‍ക്കത്തിലായത്.

Exit mobile version