കെഎം ഷാജിയെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ട്രോളിയും തേച്ചൊട്ടിച്ചും പിവി അന്‍വര്‍ എംഎല്‍എ; ചിരിപ്പടര്‍ത്തി സോഷ്യല്‍മീഡിയയും

തിരുവനന്തപുരം: ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പോലീസും ജനങ്ങളും ഒരുപോലെ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ദുരിതാശ്വാസ ഫണ്ടിനെ പറ്റി വിമര്‍ശനവുമായി എത്തിയ മുസ്ലിംലീഗ് എംഎല്‍എ കെഎം ഷാജിയെ തേച്ചൊട്ടിച്ച് പിവി അന്‍വര്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കെഎം ഷാജിക്കും, എംഎല്‍എയെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കുറിക്കു കൊള്ളുന്ന മറുപടി ട്രോളുമായി
രംഗത്തെത്തിയത്.

”തന്നെ പേടിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതെന്ന് എന്ന് ആരോപിച്ച സയിദ് അജ്മലിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അന്‍വര്‍ എംഎല്‍എയുടെ ട്രോള്‍ പോസ്റ്റ് . വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അയോഗ്യനാക്കിയ വ്യക്തിയാണ് കെഎം ഷാജി. പിവി അന്‍വര്‍ എംഎല്‍എ പങ്കുവെച്ച സയിദ് അജ്മലും സമാന പാതയിലൂടെ കടന്നു പോകുന്ന ആളാണ്. കള്ളക്കളി കളിച്ചതിന്റെ പേരില്‍ അമ്പയര്‍ പുറത്ത് ആക്കിയതാണ് സയിദ് അജ്മലിനെ. ഇരുവരുടെയും ആരോപണങ്ങളും ക്യാപ്റ്റന്‍ സ്ഥാനത്ത് നിക്കുന്നവരോടും.

പറയാതെ പറയുന്ന ഈ ട്രോളില്‍ കെഎം ഷാജിക്ക് മാത്രമല്ല, ഇവരെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കൂടിയുള്ള മറുപടിയാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിലെ പണം ഉപയോഗിച്ച് പാര്‍ട്ടിപ്രവര്‍ത്തകരുടെ കടം വീട്ടാന്‍ ഉപയോഗിച്ചുവെന്നായിരുന്നു കെഎം ഷാജിയുടെ ആരോപണം. ഇതിനെല്ലാം മുഖ്യമന്ത്രിയും മറുപടി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇടവിട്ടുള്ള ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇത് കെഎം ഷാജിയുടെ ആരോപണത്തിന് പിന്നാലെയെന്ന് സൂചിപ്പിച്ചാണ് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും രംഗപ്രവേശനം. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും വിടി ബല്‍റാമും കെഎസ് ശബരീനാഥനുമാണ് രംഗത്തെത്തിയത്.

‘ഇങ്ങനെയൊക്കെ ചെയ്യാവോ ? നാളേം തമ്മില് കാണേണ്ടേ ? ഇല്ലത്രെ .. നാളെ മുതല്‍ ഇല്ലത്രേ..’ എന്നാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. കെഎം ഷാജിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചായിരുന്നു പരിഹാസം. ‘യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ? ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’, എന്നായിരുന്നു തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ പ്രതികരണം. നാളെ വൈകുന്നേരം 6പിഎം മുതല്‍ കടമുടക്കം എന്നായിരുന്നു ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷട്ടര്‍ താഴ്ത്തിയ ചിത്രവുമടക്കമായിരുന്നു പോസ്റ്റ്.

ഇവര്‍ക്കെല്ലാമുള്ള ഒറ്റവാക്കിലുള്ള മറുപടിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ട്രോള്‍ കുറിപ്പ്. ആരുടെയും തന്നെ പേര് പരാമര്‍ശിക്കാതെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. ‘ആരാണീ സയിദ് അജ്മല്‍? കള്ളക്കളി കളിച്ചതിന്റെ പേരില്‍ അമ്പയര്‍ പുറത്ത് നിര്‍ത്തിയിരിക്കുന്ന ഒരാള്‍! ടീമില്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കഴിയില്ല! ബോളിംഗുമില്ല,ബാറ്റിംഗുമില്ല! പ്രത്യേകിച്ച് മറ്റ് ടീമംഗങ്ങള്‍ക്ക് കിട്ടുന്ന യാതൊരു ആനുകൂല്യങ്ങളുമില്ല! ചുമ്മ ഗാലറിയില്‍ ഇരുന്ന് കളി കാണാം! ബൗണ്ടറി ലൈനിനപ്പുറം വരുന്ന ബോള്‍ പെറുക്കാം! സച്ചിന്‍ അന്നും.. ഇന്നും.. എന്നും.. ഹീറോയാടാ ഹീറോ’ എന്നാണ് അദ്ദേഹം ട്രോളിയത്.

കെ എം ഷാജിയുടെ പേര് പരാമര്‍ശിക്കാതെയുള്ള ട്രോളിന് അല്‍പ സമയം കൊണ്ട് തന്നെ ആയിരക്കണക്കിന് ലൈക്കും ഷെയറും സോഷ്യല്‍മീഡിയയില്‍ ലഭിച്ചിട്ടുണ്ട്. ‘ഒരിറ്റ് ചോര വീഴ്ത്താതെ നിങ്ങള്‍ കൊന്ന് കളഞ്ഞല്ലോ ഷാജിയെ ‘എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങള്‍ പി വി അന്‍വര്‍ ന്റെ പോസ്റ്റിനു താഴെയായി കാണാം.

Exit mobile version