‘അന്നം മുടക്കി ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഉയരത്തില്‍ തന്നെയാണ് പച്ചരി വിജയന്‍’: ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച വിടി ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ.

ക്ഷേമ പെന്‍ഷന്‍ നല്‍കാതെ പതിനായിരങ്ങളുടെ അന്നം മുടക്കി. ഉമ്മന്‍ചാണ്ടിയെക്കാളും മലയാളിയുടെ മനസില്‍ ഉയരത്തില്‍ തന്നെയാണ് പിണറായി വിജയനെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തൃത്താലയിലെ ജനങ്ങളുടെ മനസിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ബല്‍റാമിന് ഇന്നും മനസ്സിലായിട്ടില്ലല്ലേയെന്നും അദ്ദേഹം ചോദിച്ചു.

വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ബോര്‍ഡ് ചൂണ്ടിക്കാണിച്ചായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം. ‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍.’ ഇതിനെതിരെയാണ് അന്‍വര്‍ രംഗത്തെത്തിയത്.

ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെ തള്ളി സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം വ്യക്തമാക്കി.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍.. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ..’

Exit mobile version