ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ല; തിരിച്ചടി ഉറപ്പാണ്; കേരളത്തിലേക്ക് മടങ്ങണം: പിസി ചാക്കോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പിസി ചാക്കോ. കോൺഗ്രസിന്റെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ലെന്നും പിസിസിയും തെരഞ്ഞെടുപ്പിന് വേണ്ടി കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതെല്ലാം തെരഞ്ഞെടുപ്പിന് തിരിച്ചടിയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പരാജയമായിരുന്നു. ഡൽഹി കോൺഗ്രസിൽ അടിമുടി മാറ്റം വരുത്തുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും പിസി ചാക്കോ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിക്കും. കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും പിസി ചാക്കോ കൂട്ടിച്ചേർത്തു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചാക്കോയുടെ പ്രതികരണം. ഇന്നലെയാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തെരഞ്ഞെടുപ്പിൽ എഎപിക്ക് തുടർ ഭരണമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളും കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റുകൾ മാത്രമാണ് കിട്ടിയേക്കാമെന്ന് പ്രവചിക്കുന്നു. ബിജെപിക്ക് 24 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Exit mobile version