കൊറോണ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ് ചെയ്യും; കൂടുതൽ രോഗ ബാധയില്ല

തൃശ്ശൂർ: കൊറോണ ബാധിച്ച് മൂന്ന് പേർ ചികിത്സയിൽ കഴിയുന്നതിന്റെ പശ്ചാത്തലത്തിൽ, രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്നാണിത്. ആശുപത്രിയിൽ നിന്ന് പോയാലും ഓരോരുത്തരുടെയും നിരീക്ഷണ കാലയളവായ 28 ദിവസം പൂർത്തിയാകുന്നത് വരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

തൃശ്ശൂർ ജില്ലയിൽ 30 പേർ ആശുപത്രിയിലും 211 പേർ വീടുകളിലും നിരീക്ഷണത്തിൽ ആണ്, പുതുതായി 5 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗം ബാധിച്ച വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നിലയും തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 8 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. പുതിയതായി പ്രവേശിപ്പിച്ച ഒരാളുൾപ്പെടെ ആകെ 8 പേരാണ് വിവിധ ആശുപത്രികളിൽ ഉള്ളത്. ജില്ലയിൽ 171 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

Exit mobile version