പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി വിളിച്ച യോഗം കടകളടച്ച് പ്രതിഷേധിക്കരുത്; വ്യാപാരികള്‍ക്ക് പോലീസിന്റെ നോട്ടീസ്

തൊടുപുഴ: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി വിളിച്ച യോഗം പലസ്ഥലങ്ങളിലായി വ്യാപാരികള്‍ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ബിജെപി യോഗം നടത്തുന്ന സമയത്ത് കടകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി.

തൊടുപുഴ കരിമണ്ണൂരിലാണ് ബിജെപി ജനജാഗ്രതാ സമിതി നടത്തുന്ന പരിപാടിയുടെ സമ്മേളന സമയത്ത് കടകള്‍ അടയ്ക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയത്. കരിമണ്ണൂരില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചിരുന്നത്. ബിജെപി യോഗം നടക്കുന്നിടങ്ങളില്‍ ആളുകള്‍ കടയടച്ച് പ്രതിഷേധിക്കുന്ന രീതി പലയിടത്തും കണ്ടുവരുന്നതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ക്ക് പോലീസിന്റെ നിര്‍ദേശം.

അനുമതിയില്ലാതെ കടകള്‍ അടച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇത്തരത്തില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്നാണ് പോലീസ് ഭാഷ്യം.

കഴിഞ്ഞദിവസങ്ങളില്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ തൂക്കൂപാലം പോലെ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായെന്നും ഇത്തരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നുമാണ് പോലീസിന്റെ പ്രതികരണം.

അതേസമയം പോലീസിന്റെ ഇത്തരത്തിലുള്ള നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് ചിലര്‍ രംഗത്തുമെത്തി. തുടര്‍ന്ന് എല്ലാ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കിയില്ലെന്നും ഏതാനും ചിലര്‍ക്ക് മാത്രമാണ് നോട്ടീസ് നല്കിയിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.

Exit mobile version