വിരട്ടൽ ഞങ്ങളോട് വേണ്ട, കടകൾ നാളെ മുതൽ തുറക്കും; വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കടകൾ നാളെ മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീൻ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് എതിരെയാണ് നസിറുദ്ദീൻ രംഗത്തെത്തിയത്. വിരട്ടൽ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസിറുദ്ദീൻ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച. വ്യാപാരികൾ ആവശ്യപ്പെട്ട പ്രകാരമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്നുമുതൽ നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും ടി നസിറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഭാഷ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടൽ വേണ്ടെന്നുമാണ് നസിറുദ്ദീന്റെ പ്രതികരണം. നാളെയും മറ്റന്നാളും(ശനി, ഞായർ) സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ്. എന്നാൽ അത് കാര്യമാക്കാതെ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് നസിറുദ്ദീൻ പറയുന്നത്.

പ്രദേശികമായി ടിപിആർ നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ കേരളത്തിൽ ടിപിആർ പത്ത് ശതമാനത്തിന് താഴേക്ക് വരാത്തതിനാൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു.

Exit mobile version