എല്ലാകടകളും നാളെ തന്നെ തുറക്കും പോലീസിനെ നേരിടുമെന്നും വ്യാപാരികൾ; സർക്കാർ നിശ്ചയിച്ച പ്രകാരം മാത്രമെ കാര്യങ്ങൾ നടക്കൂ, നടപടിയുണ്ടാവുമെന്ന് കളക്ടർ

tej lohit reddy

കോഴിക്കോട്: കോഴിക്കോട് ജില്ലയിലടക്കം സംസ്ഥാനത്തെ 14 ജില്ലകളിലേയും മുഴുവൻ കടകളും തുറക്കുമെന്ന് സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി സംഘടനകൾ. സർക്കാരും വ്യാപാരികളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് എല്ലാ കടകളും നാളെ തന്നെ തുറക്കുമെന്ന നിലപാട് വ്യാപാരി വ്യവസായി ഏകോപന സമതി സ്വീകരിച്ചത്. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും തടയാൻ പോലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്നും വ്യാപാരികൾ വ്യക്തമാക്കി.

എന്നാൽ, സർക്കാർ നിശ്ചയിച്ച പ്രകാരം മാത്രമെ കാര്യങ്ങൾ നടക്കുകയുള്ളൂവെന്ന് കോഴിക്കോട് കളക്ടർ നരസിംഹു തേജ് ലോഹിത് റെഡ്ഢി പ്രതികരിച്ചു. ഇക്കാര്യം കർശനമായി വ്യാപാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നാണ് കളക്ടർ നൽകുന്ന മുന്നറിയിപ്പ്.

അതേസമയം, കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ കടകൾ തുറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സിപിഎം മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയ രംഗത്തെത്തി. കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതിയുടെ തീരുമാനത്തിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് വികെസി മമ്മദ് കോയ കുറ്റപ്പെടുത്തി. എല്ലാ ദിവസവും കടകൾ തുറക്കുന്ന രീതിയിൽ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, എന്നാൽ സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു പ്രതികരിച്ചത്.

Exit mobile version