പന്തീരങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷിക്കേണ്ട, പോലീസിന് വിട്ടുനൽകണം; അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്നും കേരളാ പോലീസിന് കേസ് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കേസ് എൻഐഎ ഏറ്റെടുത്തത് സംസ്ഥാന സർക്കാരിന്റെ അറിവില്ലാതെയാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്ന വേളയിലാണ് അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേരളാ പോലീസിന്റെ അനുമതി ഇല്ലാതെയാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

എൻഐഎ ആക്ടിലെ 7ബി അനുസരിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കിയെന്നും ഇനി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version