കാൻസർ തിരിച്ചറിഞ്ഞപ്പോൾ, മോഹനൻ വൈദ്യരെ കാണിക്കാനാണ് ഉപദേശിച്ചത്; ഒപ്പം ദൈവനിഷേധത്തിന് ഉപദേശവും; മലയാളികളുടെ പൊതുബോധത്തെ കുറിച്ച് യുവാവിന്റെ കുറിപ്പ്

മലപ്പുറം: കാൻസറിനെ അതിജീവിച്ച് സഹജീവികൽക്ക് അതിജീവനത്തിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകളുമായി ഷെരീഫ് ചുങ്കത്തറ എന്ന യുവാവ്. അസുഖം വന്നപ്പോൾ ആരോടും പറഞ്ഞില്ലെന്നും അറിഞ്ഞപ്പോൾ മോഹനൻ വൈദ്യരേയും മറ്റും കാണാനുള്ള ഉപദേശമാണ് ലഭിച്ചതെന്നും ഷെരീഫ് പറയുന്നു. മലയാളികൾക്ക് രോഗികളോട് പെരുമാറേണ്ട ബേസിക് കാര്യങ്ങൾ പോലും അറിയില്ലെന്നും, കോമൺസെൻസ് അടുത്തൂടേ പോയിട്ടില്ലെന്നും രോഗബാധിതമായ നാളുകളിൽ തിരിച്ചറിഞ്ഞെന്നും യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

‘രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മെഡിക്കൽ സഹായം തേടുക. തുടർച്ചയായി വരുന്ന അസുഖങ്ങൾ വെച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതൽ പൈൽസ് വരെ ശ്രദ്ധിക്കണം. നിപ്പ പോലുള്ളവ അതിജീവിച്ചവരാണ് നമ്മൾ. മോഡേൺ മെഡിസിൻ അത്രത്തോളം അഡ്വൻസ്ഡ് ആണ്. കാൻസറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക. പ്രത്യേകിച്ചും സർവൈവ് ചെയ്തവർ. ഇന്നും കൃത്യമായ കൗൺസലിംഗ് നൽകുന്നതിൽ നമ്മൾ പിന്നിലാണ് എന്നത് യാഥാർഥ്യമാണ്’-ഷെരീഫ് പറയുന്നു.

ഷെരീഫ് ചുങ്കത്തറയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ബയോസ്പി റിപ്പോർട്ടിൽ അസുഖം ഡയഗ്‌നോസ് ചെയ്തപ്പോയും പ്രേതേകിച് ഒന്നും തോന്നിയില്ല. കുറച്ചു മാറിനിന്ന് ഒരു സിഗരറ്റിനു തീ കൊടുത്തു ആസ്വദിച്ചു വലിച്ചു പുകയൂതി വിട്ടു. ആരോടും പറയാനുണ്ടായിരുന്നില്ല. സിഗരറ്റ് നൽകിയിരുന്ന ആത്മവിശ്വാസം ഭയങ്കരമായിരുന്നു.

അജീഷിനോടും അനീഷിനോടും മാത്രമാണ് പറഞ്ഞിരുന്നത്. ജീവിതത്തിൽ മാസ്‌ക് ഇടാത്തത് കൊണ്ട് അടുത്തബന്ധുക്കൾക് പോലും അസ്വീകാര്യനായിരുന്നത് കൊണ്ട് കീമോതെറാപ്പി കഴിയുന്നതു വരെ രഹസ്യമാക്കി കൊണ്ട്‌നടന്നു.അജീഷിന്റെ സപ്പോർട് ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ എത്രദൂരം മുന്നോട്ട് പോകുമായിരുന്നു എന്നറിയില്ല.

കീമോതെറാപ്പി കഴിഞ്ഞുള്ള അവശതകൾക്കിടയിലാണ് ഇന്ത്യ 350 സിസി എഴുതുന്നത്.ഷിജിയാണ് കൂടെ കട്ടക്ക് നിന്നിരുന്നത്. ജോലിതിരക്കുകൾക്കിടയിലും എഴുതിയത് വായിക്കാനും വിയോജിപ്പുകൾ പറയാനും ഷിജി സമയം കണ്ടെത്തി. ഇത്രയും തുറന്നെഴുതണോ എന്ന ആശങ്കപെട്ടതും അവൾ തന്നെ ആയിരുന്നു. ഷിജി ഇല്ലായിരുന്നു എങ്കിൽ ആ പുസ്തകം ഉണ്ടാകുമായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്.

ബന്ധുക്കൾ അടക്കമുള്ളവർ അറിഞ്ഞു തുടങ്ങിയപ്പോൾ മോഹനൻ വൈദ്യരെയും മറ്റും കാണിക്കാനാണ് ഉപദേശിച്ചതു. കൂട്ടത്തിൽ ദൈവനിഷേധമടക്കമുള്ള ഉപദേശങ്ങളും. മലയാളികൾക്ക് രോഗികളോട് പെരുമാറേണ്ട ബേസിക് കാര്യങ്ങൾ പോലും അറിയില്ല.എന്ന് വെച്ചാൽ കോമൺസെൻസ് അടുത്തൂടേ പോയിട്ടില്ല.അക്കാദമിക് വിദ്യാഭ്യാസത്തിനൊന്നും മനുഷ്യരിൽ മാറ്റമുണ്ടാക്കില്ല എന്ന് മനസിലാക്കിയ ദിവസങ്ങൾ.

മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നാണ് അഗസ്ത്യർകൂടം ട്രെക്കിങ്ങും ബോണക്കാട്‌പ്രേതബംഗ്‌ളാവ് യാത്രയും ഗോപിയുടെ കൂടെ ഉണ്ടാകുന്നത്. നടന്നും ഇരുന്നും ഇഴഞ്ഞും അഗസ്ത്യർകൂടം തീർക്കുമ്പോൾ ഞാൻ എന്നെ തന്നെ മോൾഡ്‌ചെയ്തു എടുക്കുകയായിരുന്നു. പിന്നീട് എത്ര എത്ര യാത്രകൾ…ഇനിയൊരു ബൈക്ക് യാത്ര സാധ്യമല്ല എന്നുറപ്പുണ്ട്.പക്ഷേ മറ്റുരീതിയിലും യാത്ര ചെയ്യാമല്ലോ.

ക്യാൻസർ തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രാമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മെഡിക്കൽ സഹായം തേടുക. തുടർച്ചയായി വരുന്ന അസുഖങ്ങൾ വെച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതൽ പൈൽസ് വരെ ശ്രദ്ധിക്കണം.നിപ്പപോലുള്ളവ അതിജീവിച്ചവരാണ് നമ്മൾ.മോഡേൺ മെഡിസിൻ അത്രത്തോളം അഡ്വൻസ്ഡ് ആണ്.

ക്യാൻസറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക.പ്രേതേകിച്ചും സർവൈവ് ചെയ്തവർ. ഇന്നും കൃത്യമായ കൗൺസലിംഗ് നൽകുന്നതിൽ നമ്മൾ പിന്നിലാണ് എന്നത് യാഥാർഥ്യമാണ്.

അസുഖം കണ്ടെത്തിയാൽ ഏറ്റവും എടുത്തവർ അവരെ ചേർത്ത്പിടിക്കുക. മാനസികാരോഗ്യം ഇവരെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. ദീർഘമായ ഒരാലിംഗനം, കൂടെയുണ്ടെടാ എന്നൊരു വാക്ക് അതൊക്കെ മതിയാകും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ.

Exit mobile version