സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജാക്കില്ല; സ്വകാര്യ മേഖലയ്ക്ക് ഒന്നും വിട്ടുകൊടുക്കില്ല; കേന്ദ്ര നിർദേശത്തെ എതിർത്ത് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ആശുപത്രികളെ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജാക്കി മാറ്റില്ലെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതിനായുള്ള കേന്ദ്രനിർദേശം കേരളത്തിന് സ്വീകാര്യമല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാരിന്റെ പല തീരുമാനങ്ങളും. അതൊന്നും കേരളത്തിന് ഗുണകരമല്ല. ഇവിടെയുള്ള ഒരു ആശുപത്രിയും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം ഫണ്ട് നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയാലും ജനകീയ ആരോഗ്യ സംരംഭങ്ങളിൽനിന്ന് സർക്കാർ പിന്മാറില്ല. ആരോഗ്യരംഗത്തെ കേന്ദ്ര സർക്കാരിന്റെ ഓരോ സമീപനവും കേരളത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, കേന്ദ്രം എന്തുസമീപനം സ്വീകരിച്ചാലും ആരോഗ്യരംഗത്തെ വികസന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ഇതിന് ഒന്നിച്ച് സമരം ചെയ്യേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

വയനാട് മെഡിക്കൽ കോളേജിന് നേരത്തേ കണ്ടെത്തിയ സ്ഥലം ഉപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടതും ഈ സർക്കാർ നിർമ്മാണം തുടങ്ങുകയും ചെയ്തതാണ്. പിന്നീടുണ്ടായ പ്രകൃതിക്ഷോഭം ഈ ഭൂമിയിലും പരിസ്ഥിതി ആഘാതപഠനം നടത്താൻ നിർബന്ധിതമാക്കി. ആ റിപ്പോർട്ട് ലഭിച്ചാലേ തുടർനടപടി സ്വീകരിക്കാനാകൂ. മെഡിക്കൽ കോളേജിന് നേരത്തേ കണ്ടെത്തിയ സ്ഥലം മാത്രം മതിയാവില്ല. അതിനാലാണ് പുതിയ സ്ഥലം ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Exit mobile version