വരുമാനം 200 കോടി കവിഞ്ഞിട്ടും രക്ഷയില്ല; ശമ്പളം കൊടുക്കാൻ പണമില്ലാതെ കിതച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുമാസമായിട്ട് കെഎസ്ആർടിസി വരുമാനം 200 കോടിയിലേറെയാണ്. എന്നിട്ടും എണീറ്റ് നിൽക്കാൻ പോലും ആനവണ്ടിക്ക് സാധിക്കുന്നില്ല. സർക്കാർ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞെന്നാണ് റിപ്പോർട്ട്. ഇതോടെ, സ്ഥാപനത്തിന്റെ ബാധ്യത സർക്കാർ പൂർണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഡിസംബറിൽ 213.28 കോടിയും ജനുവരിയിൽ 204. 90 കോടിയുമായിരുന്നു കെഎസ്ആർടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആർടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞില്ല. സർക്കാരിൽ നിന്ന് 25 കോടി സഹായം കൂടി കിട്ടയതുകൊണ്ടാണ് ജനുവരിയിൽ പത്താം തീയതിയോടെ ശമ്പള വിതരണം പൂർത്തിയാക്കിയത്. ഈ മാസവും 25 കോടി രൂപ സർക്കാർ സഹായം കെഎസ്ആർടിസിക്ക് വേണം.

ശമ്പള വിതരണത്തിന് ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. ഇന്ധന ചെലവ് 88 കോടിയും. ഇൻഷുറൻസ്, സ്‌പെയർപാർട്‌സ്, കൺസോർഷ്യം വായ്പ തിരച്ചടവ് എന്നിവക്കായി 60 കോടി രൂപ വേറെയും കണ്ടെത്തണം. വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തിന് ഇതാണ് കാരണം.

Exit mobile version