കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതീവ ജാഗ്രത; 2239 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചതോടെ കേരളം കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറൻറൈൻ ചെയ്യാൻ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആദ്യം തൃശ്ശൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശ്ശൂർ ജില്ലയിലും മറ്റുള്ളവർ ബാക്കി ജില്ലകളിലുമാണ്. ഇവരെയെല്ലാവരെയും വിശദമായി നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഈ വിദ്യാർത്ഥിനിയുടെ രണ്ടാമത്ത സാമ്പിളും പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നിരിക്കുകയാണ്. തുടരെ സാമ്പിളുകൾ അയക്കുമെന്നും നെഗറ്റീവ് ആകുന്നതുവരെ ഇത് തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെ വരാനിടയുണ്ട്. വിവരശേഖരണം ജില്ലാടിസ്ഥാനത്തിൽ നടത്തിവരികയാണ്. സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേർ വീടുകളിലും. 140 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 49 എണ്ണത്തിന്റെ ഫലം വന്നു. ഇതിലെ മൂന്ന് കേസുകളാണ് ഇപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ചിലർ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസ്സിലാക്കുന്നുണ്ടെന്നും, ക്വാറൻറൈൻ ചെയ്യാൻ വിസമ്മതിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. നാടിന്റെ നന്മയെ കരുതി ഇത്തരക്കാർ തീരെ അനുസരിച്ചില്ലെങ്കിൽ അത് കുറ്റകൃത്യമായിത്തന്നെ കണക്കാക്കുമെന്നും കെകെ ശൈലജ മുന്നറിയിപ്പ് നൽകി. തൽക്കാലം ശിക്ഷാ നടപടി ആലോചിക്കുന്നില്ല. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും, ഇനി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കുകയും ചെയ്തു.

അതേസമയം, കൊറോണ വൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്‌പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. 28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരമാണ്. ആ കൃത്യം 28 ദിവസം തന്നെ ക്വാറൻറൈൻ ചട്ടങ്ങൾ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുത് കെകെ ശൈലജ ആവശ്യപ്പെട്ടു.

Exit mobile version