കെകെ ശൈലജയ്ക്ക് എതിരെ അശ്ലീല പ്രചരണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരെ കേസ്

കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായി നടക്കുന്ന സൈബർ അധിക്ഷേപത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ ജോസിനെതിരെയാണ് തൊട്ടിൽപാലം പോലീസ് കേസെടുത്തത്. ഇയാൾ സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

ALSO READ- ജെസ്‌ന ഗർഭിണിയായിരുന്നില്ല; രക്തം പുരണ്ട വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല; പിതാവ് ജെയിംസിന്റെ വാദങ്ങൾ തള്ളി സിബിഐ

ഇതുവരെ കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയിൽ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെഎം മിൻഹാജിനെതിരെ രണ്ടിടത്താണ് കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിട്ടുണ്ട്.

നേരത്തെ ന്യൂ മാഹി പോലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തിരുന്നു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെയാണ് അഞ്ചാമത്തെ കേസ്. ബാലുശ്ശേരി പോലീസാണ് കേസെടുത്തത്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയ പരാതിയിലാണ് കേസെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആറാമത്തെ കേസാണ് മെബിൻ ജോസിനെതിരെ എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്.

Exit mobile version