കൊറോണ സ്ഥിരീകരിക്കാൻ കേരളത്തിന് ഇനി പുണെയെ ആശ്രയിക്കേണ്ട; ആലപ്പുഴയിൽ തന്നെ മാർഗ്ഗങ്ങൾ

ആലപ്പുഴ: കേരളത്തിന് ഇനി പുണെ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ ആശ്രയിക്കേണ്ടതില്ല. രക്ത സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനുള്ള അനുമതി ലഭിച്ചതോടെ ആലപ്പുഴ വൈറോളജി ലാബിൽ സാമ്പിൾ പരിശോധ തുടങ്ങുകയും ചെയ്തു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമായിരുന്നു. കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തിയ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയ്ക്കായി പുണെയെ ആശ്രയിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഫലമറിയാൻ ഏറെ വൈകുന്നതും ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഫലം വൈകുന്നത് മൂലം അനുബന്ധ നടപടികൾ സ്വീകരിക്കാനും കാലതാമസമെടുത്തിരുന്നു.

ഇത് രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച സംഭവത്തിലും വ്യക്തമായിരുന്നു. കേന്ദ്രം രണ്ടാമത്തെ വിദ്യാർത്ഥിക്കും കൊറോണ സ്ഥിരീകരിച്ചിട്ടും കേരളത്തിന് ഇതുമായി ബന്ധപ്പെട്ട രേഖകളും പരിശോധനാ ഫലവും ലഭിക്കാതിരുന്നതും ഇതിനുദാഹരണമായിരുന്നു. ഈ ബുദ്ധിമുട്ടുകൾക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിക്കാൻ സംവിധാനം ഉണ്ടെങ്കിലും കേന്ദ്ര അനുമതി ഇല്ലാത്തതിനാൽ പുണെയിലേക്ക് തന്നെ സാംപിളുകൾ അയയ്ക്കുകയായിരുന്നു. ഇതിനിടെ, ആരോഗ്യമന്ത്രി ആലപ്പുഴയിലെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനാ നടത്താൻ അനുമതി തേടിയിരുന്നു. ഇതാണ് വഴിത്തിരിവായത്. ഇനി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖേന വേഗത്തിൽ ഫലമറിയാം.

Exit mobile version