കൂടുതൽ കൊറോണ ബാധിതരില്ല; വിദ്യാർത്ഥിനിയുടെ നില തൃപ്തികരം; വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിലെന്നും ആരോഗ്യമന്ത്രി

തൃശ്ശൂർ: സംസ്ഥാനത്ത് കൊറോണ ബാധയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി. പരിശോധനയ്ക്കായി അയച്ച പെൺകുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം കിട്ടിയിട്ടില്ല. ഇതുവരെ മറ്റാർക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 22 പേരെ കൂടി ആശുപത്രിയിൽ നിരീക്ഷിച്ച് വരികയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. ഇന്ന് തൃശ്ശൂരിൽ നിന്ന് അഞ്ച് സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.

കൊറോണ സ്ഥിരീകരിച്ച പെൺകുട്ടിയുമായി ഇടപഴകിയ കൂടുതൽ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. കരുതൽ നടപടിയുടെ ഭാഗമായി ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

അതേസമയം കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി പൂണെയിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയിൽ എത്തും.

Exit mobile version