ഗവര്‍ണര്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് അനുമതിയില്ല; നിയമത്തിലും ചട്ടത്തിലും ഇല്ലെന്ന് മന്ത്രി എകെ ബാലന്‍, വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം

പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹ്മദ് ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളി. നിയമസഭാ കാര്യോപദേശക സമിതിയാണ് പ്രമേയം തള്ളിയത്. പ്രമേയത്തിന്റെ ഉള്ളടക്കം അംഗീകരിക്കുന്നില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. കൂടാതെ നിയമത്തിലും ചട്ടത്തിലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ല, അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയില്‍ അനുവദിക്കാനാകില്ല, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നത്തെ രൂക്ഷമാക്കി ഭരണസ്തംഭനമുണ്ടാക്കാനില്ലെന്നും മന്ത്രി ബാലന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങളെ മറികടന്ന് പാസാക്കിയ പൗരത്വ ഭേഗദതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്താണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്. പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പ്രമേയം തള്ളിയതിനെ തുടര്‍ന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രമേയം അനുവദിക്കാന്‍ കീഴ്വഴക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ നിലനില്‍പ്പില്ലെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഇതുവഴി നിയമസഭ അതിന്റെ സമയവും നികുതിപ്പണവും പാഴാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ഇതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. പിന്നാലെയാണ് പ്രതിപക്ഷം പ്രമേയത്തിന് അനുമതി തേടിയത്.

Exit mobile version