കൊറോണയെ നേരിടാൻ സംസ്ഥാനം സജ്ജം; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; ആശങ്കപ്പെടേണ്ട; വ്യാജ വാർത്തകൾക്ക് എതിരെ കർശ്ശന നടപടിയെന്നും ആരോഗ്യ മന്ത്രി

തൃശ്ശൂർ: സംസ്ഥാനത്ത് ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ വിശദമായ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. കൊറോണയെ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയതായി ആരോഗ്യമന്ത്രി യോഗ ശേഷം അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധരുമായി നടത്തിയ അവലോകനയ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. രാത്രി ഏറെ വൈകി നടന്ന യോഗത്തിൽ മന്ത്രി ശൈലജയ്‌ക്കൊപ്പം മന്ത്രിമാരായ എസി മൊയ്തീൻ, സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാർ എന്നിവരും പങ്കെടുത്തു.

കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്:

തൃശൂരിൽ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി

സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്166. മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല.

ചൈനയിൽനിന്ന് വന്നവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറൻൈറൻ പാലിക്കണം. ഹോം ക്വാറൻൈറൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീര സ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ചൈനയിൽനിന്നെത്തിയ 11 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും രണ്ട് പേർ ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊറോണ കേസുകൾ കൈകാര്യം ചെയ്യാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.

Exit mobile version