ബാലു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഡോക്ടറുമായി അര്‍ജുന് അടുത്ത ബന്ധം; വാഹനോടിച്ചത് ബാലുവാണെന്ന് എന്തിന് കള്ളം പറയുന്നു; റൂം ബുക്ക് ചെയ്തിട്ട് തിരുവന്തപുരത്തേക്ക് തിരിച്ചതിലും ബന്ധുക്കള്‍ക്ക് സംശയം

എന്നാല്‍ അര്‍ജുന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലു വണ്ടിയോടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി.

തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ കേരളത്തിന്റെ സ്വന്തം വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിനുണ്ടായ അപകടത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് സികെ ഉണ്ണി രംഗത്ത്. അദ്ദേഹം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഫോറന്‍സിക് സംഘം അപകടമുണ്ടായ കാറില്‍ പരിശോധന നടത്തി.

ഡ്രൈവര്‍ അര്‍ജുന്റെ മൊഴി വീണ്ടുമെടുക്കാനും പോലീസ് തയ്യാറെടുക്കുകയാണ്. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ അര്‍ജുന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലു വണ്ടിയോടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. മൊഴികളിലെ ഈ വൈരുദ്ധ്യമാണ് സംശയത്തിനു കാരണമായത്.

ഇതിനു പിന്നാലെയാണ് തങ്ങള്‍ക്കുള്ള സംശയങ്ങളെല്ലാം ചേര്‍ത്ത് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ച് രാത്രി യാത്രയ്ക്ക് തയ്യാറായതിനു കാരണം അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. വാഹനമോടിച്ചത് അര്‍ജുനാണെന്ന് വ്യക്തമായിട്ടും എന്തിനാണ് കള്ളം പറഞ്ഞതെന്നും പിതാവ് ചോദിക്കുന്നു.

പാലക്കാട് ആയുര്‍വേദ ഡോക്ടറുമായി ബാലുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഈ കുടുംബത്തിലെ അംഗമാണ് അര്‍ജുന്‍. ലക്ഷ്മിയുടെ കൂടെ അഭിപ്രായം കണക്കിലെടുത്താണ് പരാതി നല്‍കിയത്.

അതേസമയം, ഡോക്ടറെ ബാലഭാസ്‌കര്‍ പരിചയപ്പെട്ടത് ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിലാണെന്നാണ് സൂചന.

Exit mobile version