19 വയസ്സുള്ള യുവാക്കള്‍ മദ്യം വാങ്ങാനെത്തി; നല്‍കാനാവില്ലെന്ന് ബിവറേജസ് ജീവനക്കാരന്‍; ഒടുവില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം

എടപ്പാള്‍: മദ്യം നല്‍കാത്തതിന്റെ പേരില്‍ യുവാക്കള്‍ ബിവറേജസ് ജീവനക്കാരെ മര്‍ദിച്ചു. എടപ്പാള്‍ കുറ്റിപ്പാല ബിവറേജസിലാണ് സംഭവം. 19, 20 വയസ്സ് പ്രായമുള്ള 3 യുവാക്കള്‍ ബിവറേജസിലെത്തി മദ്യം ആവശ്യപ്പെട്ടതോടെ ഈ പ്രായത്തിലുള്ളവര്‍ക്ക് മദ്യം നല്‍കില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായാണ് യുവാക്കള്‍ ജീവനക്കാരനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്.

സംഭവത്തില്‍ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യം ആവശ്യപ്പെട്ട് കൗണ്ടറിലെത്തിയ യുവാക്കളുടെ പ്രായത്തില്‍ സംശയം തോന്നിയ ജീവനക്കാരന്‍ ഇവരോട് വയസ്സ് ചോദിച്ചു. 19 എന്നായിരുന്നു മറുപടി. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണെന്നും മദ്യം നല്‍കാനാകില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. പ്രകോപിതരായ യുവാക്കള്‍ ജീവനക്കാരനോട് കയര്‍ത്തു.

സംഭവം തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരും ജീവനക്കാരും യുവാക്കളെ മടക്കി അയക്കുകയായിരുന്നു. പിന്നീട് ജീവക്കാരന്‍ ഭക്ഷണം കഴിക്കാനായി ബൈക്കില്‍ പോകാന്‍ ശ്രമിക്കവേ യുവാക്കള്‍ കാര്‍ കുറുകെയിട്ട് തടഞ്ഞു. പിന്നീട് ഇവര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ജീവനക്കാരന്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. കുട്ടികളായതിനാല്‍ ഉപദേശിച്ചാല്‍ മതിയെന്നായിരുന്നു ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞത്.

Exit mobile version