മഹാശൃംഖലയിൽ പങ്കെടുത്തവരെ പുറത്താക്കുക ആണെങ്കിൽ അത് ഒരു ബഷീറിൽ ഒതുങ്ങില്ല; ലീഗും യുഡിഎഫും ആശയക്കുഴപ്പത്തിൽ: പി മോഹനൻ

കോഴിക്കോട്: എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിന് പ്രാദേശിക നേതാവിനെ മുസ്ലിം ലീഗ് പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. ഇത്തരം നടപടികൾ ലീഗിന്റേയും യുഡിഎഫിന്റേയും ആശയക്കുഴപ്പത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുതിർന്ന നേതാക്കൾ സംയുക്ത സംരത്തെ വളരെയേറെ പ്രോത്സാഹിപ്പിച്ചവരായിരുന്നു. എന്നാൽ കെപിഎ മജീദിനെ പോലുള്ളവർ ഇപ്പോൾ എതിർപ്പുമായി വന്നിരിക്കുകയാണ്. ഇതാണ് ആശയക്കുഴപ്പത്തിലാണെന്ന് പറയാൻ കാരണം.

മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതിന് ലീഗ് നേതാക്കൾക്കെതിരേ നടപടിയെടുക്കുകയാണെങ്കിൽ ഒരു കെഎം ബഷീറിൽ ഒതുങ്ങില്ലെന്നും അത്രത്തോളം ലീഗ് നേതാക്കളും പ്രവർത്തകരുമാണ് പങ്കെടുത്തതെന്നും പി മോഹനൻ വിശദീകരിച്ചു. ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് ജനങ്ങൾ ഒന്നടങ്കം സമരത്തിൽ ഇറങ്ങിയത്. അതുകൊണ്ടാണ് രാഷ്ട്രീയം മറന്ന് ആളുകളെത്തിയത്. ഇതൊരു രാഷ്ട്രീയ വിഷയമായിട്ടല്ല സിപിഎമ്മും ഇടതുപക്ഷവും കാണുന്നത്. രാജ്യം ഇപ്പോഴുള്ളത് പോലെ നിലനിന്ന് പോവണമെങ്കിൽ സമരം മാത്രമാണ് പോംവഴിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതിൽ ഇടത് പക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട് ഇതിൽ വേവലാതിപെട്ടിട്ട് കാര്യമില്ലെന്നും പി മോഹനൻ ലീഗിനേയും യുഡിഎഫിനേയും വിമർശിച്ചു.

Exit mobile version