എന്തിന് തൊപ്പി ധരിച്ചു? സിഎഎ അംഗീകരിച്ചില്ലെങ്കില്‍ പാകിസ്താനിലേക്ക് വിട്ടോണം; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബിജെപി അക്രമം;പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; സംഭവം അങ്ങ് യുപിയില്‍ അല്ല ഇവിടെ കാസര്‍കോട്

കാസര്‍കോട്: കുമ്പളയില്‍ നടന്ന ബിജെപി അക്രമത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് തിരിച്ച് വരുന്നതിനിടെയാണ് അക്രമം. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്രസ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ദ്(13), മുനാസ്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവിടെ താമസിച്ചു പഠിക്കുന്നവരാണ് അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയി തിരിച്ച് മദ്രസയിലേക്ക് മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്.

എന്തിനാണ് തൊപ്പി ധരിച്ചതെന്ന് ചോദിച്ചായിരുന്നു സംഘം ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സിഎഎ, എന്‍ആര്‍സി എന്നിവ അംഗീകരിച്ചില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് അക്രമികള്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.ആയുധങ്ങളുമായി സംഘം സഞ്ചരിച്ച കാര്‍ കുമ്പളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version