സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ ഇറങ്ങി പ്രവര്‍ത്തിക്കരുതെന്ന് കാന്തപുരം

കോഴിക്കോട്: സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടെന്നും പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും കാന്തപുരം പറഞ്ഞു. ഒരു മാധ്യമത്തോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ലിംഗഭേദമന്യേ പ്രതിഷേധം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഗലയില്‍ ലക്ഷക്കണക്കിന് സ്ത്രീകളും പുരുഷന്മാരുമാണ് അണിനിരന്നത്. ഇതിനിടെയാണ് സ്ത്രീകള്‍ പ്രതിഷേധത്തില്‍ ഇറങ്ങേണ്ടെന്ന് വ്യക്തമാക്കി കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ പ്രതിഷേധത്തിന് ഇറങ്ങേണ്ടതിന്റെ ആവശ്യമില്ല. മുഷ്ടിചുരുട്ടാനും മുദ്രാവാക്യങ്ങള്‍ വിളിക്കാനും പാടില്ല. സ്ത്രീകള്‍ കൂടി പിന്തുണയുണ്ട് എന്ന് പ്രഖ്യാപിക്കപ്പെടേണ്ട ഒരു അവസരം വന്നാല്‍ അവരുടെ പിന്തുണയുണ്ടെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടെന്നും അല്ലാതെ സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ അങ്ങനെ രംഗത്തിറങ്ങേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Exit mobile version